സ്ഥിരാധ്യാപകരില്ലാത്തത് ബി എഡ് സെന്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു: കേരള വി സി

Posted on: March 5, 2015 5:14 am | Last updated: March 4, 2015 at 11:15 pm
SHARE

തിരുവനന്തപുരം: കേരള ബി എഡ് സെന്ററുകളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍വകലാശാലക്ക് താത്പര്യമില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും, സ്ഥിരാധ്യാപകരില്ലാത്തതാണ് ബി എഡ് സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണണമെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി കെ രാധാകൃഷ്ണന്‍. സെന്ററുകള്‍ക്ക് എന്‍ സി ടി ഇ അംഗീകാരം ലഭിക്കാത്തതാണ് അധ്യാപക നിയമനം വൈകാന്‍ കാരണം. നിലവില്‍ രണ്ട് സെന്ററുകളില്‍ ഒന്നു വീതം സ്ഥിരം അധ്യാപകരെ നിയമിക്കുന്നതില്‍ എന്‍ സി ടി ഇ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അധ്യാപക സംഘടനകള്‍ അംഗീകരിക്കുന്നില്ല. ഏഴ് സ്ഥിരം അധ്യാപകരും ഒരു താത്കാലിക അധ്യാപകനും എന്ന സമവാക്യമാണ് അധ്യാപകര്‍ ഉയര്‍ത്തുന്നത്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. അധ്യാപകര്‍ വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകും. സ്വാശ്രയ രീതിയില്‍ കോളജുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യൂനിവേഴ്‌സിറ്റി ശ്രമിക്കുമെന്നും വി സി പറഞ്ഞു.
സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍ ജയപ്രകാശ് കണ്‍വീനറായ സ്റ്റിയറിംഗ് കമ്മിറ്റി തയാറാക്കിയ സെല്‍ഫ് സ്റ്റഡി റിപ്പോര്‍ട്ടാണ് സര്‍വകലാശാല നാകിന് സമര്‍പ്പിച്ചത്. പഠനം, ഗവേഷണം, വിജ്ഞാനവ്യാപനം, ഭരണം. വിദ്യാര്‍ഥികളുടെ വികസനം, നവീന പദ്ധതികള്‍ തുടങ്ങി ഏഴ് വ്യത്യസ്ത മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍വകലാശാലയുടെ പ്രവര്‍ത്തനമാണ് വിലയിരുത്തപ്പെട്ടത്. ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാക് ഉയര്‍ന്ന ഗ്രേഡായ ‘എ’ നല്‍കാന്‍ തീരുമാനിച്ചത്. എ ഗ്രേഡ് ലഭിച്ചതോടെ യു ജി സി ഉള്‍പ്പെടെയുള്ള കേന്ദ്രഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് വര്‍ധിച്ച ധനസഹായം നേടാന്‍ വഴിയൊരുക്കുമെന്നും വി സി പറഞ്ഞു. മികവ് വര്‍ധിപ്പിക്കാനായി സര്‍വകലാശാലയുടെ ഗുണനിലവാര കൗണ്‍സില്‍ (ഐ ക്യു എ സി) പുനഃസംഘടിപ്പിക്കുകയും 2020 ലെ മൂന്നാം സൈക്കിളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2021 ല്‍ സര്‍വീസിലുള്ള അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് അടുത്ത അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നതെന്നും ഡോ. പി കെ രാധാകൃഷ്ണന്‍ പറഞ്ഞു.