കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ചാണ് സോളാര്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് മൊഴി

Posted on: March 4, 2015 5:02 am | Last updated: March 4, 2015 at 12:02 am
SHARE

കൊച്ചി: കേരളത്തില്‍ സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രി കളമൊരുക്കിയത് കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിച്ചാണെന്ന് മാത്യു ടി തോമസ് എം എല്‍ എ പ്രത്യേക അന്വേഷണക്കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരാവസ്ഥ സൃഷ്ടിച്ചാണ് വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിക്കൊണ്ടു വന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അതിലുള്ള വെള്ളം സുരക്ഷിതമായി ശേഖരിക്കാനെന്ന പേരില്‍ ഇടുക്കി ഡാമിലെ ജലം തുറന്നുവിട്ടിരുന്നു. അതിനുശേഷമുണ്ടായ കടുത്ത വൈദ്യുതക്ഷാമത്തിന് പരിഹാരമെന്ന നിലയില്‍ 2500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം മുതലെടുത്താണ് സരിത തട്ടിപ്പ് നടത്തിയത്. ചില തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇപ്പോഴും ഈ നിര്‍ദ്ദേശം പിന്‍തുടരുന്നതായും ഇതുസംബന്ധിച്ച് വൈദ്യുതി, നഗരാസൂത്രണമന്ത്രിമാര്‍ക്ക് അറിയാമെന്നും ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ മാത്യു ടി തോമസ്് പറഞ്ഞു.
സരിത എസ് നായരും ബിജു രാധാകൃഷ്ണനും സോളാര്‍ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ്. മുഖ്യമന്ത്രിയും ജീവനക്കാരും ചേര്‍ന്ന് തട്ടിപ്പ്‌സംഘത്തിന് നാട്ടുകാരുടെ ഇടയില്‍ അംഗീകാരം നേടിക്കൊടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായാണ് ജനങ്ങള്‍ കാണുന്നത്. ഇവര്‍ക്ക് പങ്കാളിത്തമുള്ള തട്ടിപ്പുകളെക്കുറിച്ച് മുഖ്യമന്ത്രി അറിയേണ്ടതാണ്. ഇവരെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍, തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. സരിതക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്ന് പരാതിക്കാരായ ടി സി മാത്യുവും പെരുമ്പാവൂര്‍ സ്വദേശി സജാദും ശ്രീധരന്‍നായരും പറഞ്ഞിട്ടുണ്ട്.
പദ്ധതികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചതിലും സബ്‌സിഡി നല്‍കിയ വകയിലും വന്‍സാമ്പത്തിക തട്ടിപ്പ് നടന്നതായും മാത്യു ടി തോമസ് പറഞ്ഞു.