കേരള ബ്ലോഗ് എക്‌സ്പ്രസ്- രണ്ട് യാത്ര തുടങ്ങി

Posted on: March 4, 2015 5:00 am | Last updated: March 4, 2015 at 12:02 am
SHARE

തിരുവനന്തപുരം: ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട മുന്‍നിര യാത്രാ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ വശ്യസൗന്ദര്യം നുകരാനും അവരുടെ രചനകളിലൂടെ ടൂറിസം സാധ്യതകളെ അന്താരാഷ്ട തലത്തില്‍ എത്തിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ്- 2 പ്രയാണം ആരംഭിച്ചു. 21 രാജ്യങ്ങളിലെ 30 യാത്രാബ്ലോഗര്‍മാരെ വഹിച്ചുള്ള രണ്ടാഴ്ചത്തെ യാത്ര ആരോഗ്യമന്ത്രി വി എസ് ശിവ കുമാര്‍ ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്തു. വിനോദ സഞ്ചാരമേഖലക്ക് ഉണര്‍വേകുന്നതിനായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസ് ആഗോള ശ്രദ്ധ നേടിയതായി ഫഌഗ് ഓഫിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ അനുപമ ടി വി പറഞ്ഞു. ഗൂഗിള്‍, ഫേസ് ബുക്ക് പരസ്യങ്ങളിലൂടെ കണ്ടെത്തിയ ലോകോത്തര യാത്രാ ബ്ലോഗര്‍മാരില്‍നിന്ന് രണ്ട് മാസത്തെ വാശിയേറിയ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ രണ്ടാം പതിപ്പിലേക്കായി 30 പേരെ തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ വിനോദ സഞ്ചാര മേഖലകളെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ച് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിച്ച് ടൂറിസം മേഖലക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് ദൈവത്തിന്റ സ്വന്തം നാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിനും തനതുകലാരൂപങ്ങളെ നേരിട്ടു മനസ്സിലാക്കുന്നതിനും അവസരം ലഭിക്കും. ഇന്ത്യയില്‍ നിന്ന് രണ്ട് പേരും സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും അമേരിക്ക, ഇംഗ്ലണ്ട്, പോളണ്ട്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബ്രസീല്‍, സ്ലൊവാക്യ, ഹംഗറി, ഫിന്‍ലന്റ്, ഉറുഗ്വേ, മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക്ക്്, ഗ്രീസ്, സ്‌റാഈല്‍, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, ഇന്തൊനേഷ്യ, ന്യൂസിലന്റ്, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് യാത്രക്കായി അര്‍ഹത നേടിയത്. കേരള ബ്ലോഗ് എക്പ്രസ് 2ന്റെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷനും വോട്ടിംഗിനുമായി 2.2 ലക്ഷം പേരാണ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പങ്കാളിത്തത്തോടെ സുഖകരമായ താമസവും അനുബന്ധ സൗകര്യങ്ങളും ഇക്കൊല്ലവും സഞ്ചാരികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.
ടൂറിസം അഡീഷനല്‍ സെക്രട്ടറി പി കെ ഷാജു, പ്ലാനിംഗ് ഓഫീസര്‍ എ ഉദയകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സക്കറിയ ഡി അയ്യനേത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.