വരുന്നത് കൊടും വേനല്‍; വടക്കന്‍ ജില്ലകള്‍ ചുട്ടുപൊള്ളും

Posted on: March 3, 2015 5:21 am | Last updated: March 2, 2015 at 10:21 pm
SHARE

കണ്ണൂര്‍: ഇത്തവണ സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ ഗവേഷകരുടെ വിലയിരുത്തല്‍. മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാനം കടുത്ത ചൂടിന് അടിപ്പെടാനിടയുള്ളതായാണ് ഇതു സംബന്ധിച്ച് പഠനം നടത്തുന്നവരുടെ നിഗമനം. വേനല്‍ കനക്കും മുമ്പേ സംസ്ഥാനത്ത് സാധാരണ രേഖപ്പെടുത്തിയതില്‍ നിന്ന് വലിയ തോതില്‍ത്തന്നെ ചൂട് കൂടിയത് വരും നാളുകളിലുണ്ടാകുന്ന വേനലിന്റെ കാഠിന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
കര്‍ണാടകത്തിലും തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളിലുമുള്ള വരണ്ട കാറ്റിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുമെന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ ഉഷ്ണം വര്‍ധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ് സന്തോഷ് പറഞ്ഞു. സംസ്ഥാനത്തെ ശരാശരി ഏപ്രില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. എന്നാല്‍, മാര്‍ച്ച് തുടങ്ങുന്നതിനു മുമ്പുതന്നെ പല വടക്കന്‍ ജില്ലകളിലും താപനില 36 ഡിഗ്രി സെ ല്‍ഷ്യസ് കടന്നിട്ടുണ്ട്. ഏല്ലാ വേനലിലും വലിയ അളവില്‍ ചൂട് രേഖപ്പടുത്തുന്ന പുനലൂരിനും പാലക്കാട്ടിനും പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇത്തവണ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട്. ഓരോ ദിവസവും വലിയ ഏറ്റക്കുറച്ചിലില്ലാതെയാണ് ചൂടിന്റെ വര്‍ധന. തെക്കന്‍ ജില്ലകളില്‍ രണ്ടും വടക്കന്‍ ജില്ലകളില്‍ മൂന്നും ഡിഗ്രി ചൂടാണ് കൂടുന്നത്.
ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനം വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ ശരാശരി താപനില 36.8 ഡിഗ്രിയാണ്. പാലക്കാട് മുണ്ടൂരില്‍ 39 ഡിഗ്രിയും മലമ്പുഴയില്‍ 37 ഡിഗ്രിയും ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണിത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും 30- 32ഡിഗ്രിക്ക് മുകളിലാണ് താപനില. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിലെല്ലാം വേനലിന്റെ തുടക്കത്തില്‍ത്തന്നെ 35 ഡിഗ്രി സെല്‍ഷ്യസിലും മേലെ ചൂട് ഉയര്‍ന്നിട്ടുണ്ട്.
പതിവിലും കൂടുതല്‍ ചൂട് ഇത്തവണയുണ്ടാകാന്‍ കാരണം വേനല്‍ മഴയുടെ കുറവ് മാത്രമല്ല, മറ്റ് അന്തരീക്ഷ പ്രശ്‌നങ്ങളുമാണെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ ജലാംശം കുറവായതാണ് ചൂടിന് ഇത്രയേറേ കാഠിന്യം അനുഭവപ്പെടാന്‍ കാരണമെന്നു വിദഗ്ധര്‍ പറയുന്നു.
സൂര്യപ്രകാശം ഭൂമിയുടെ ഉപരിതലത്തില്‍ത്തട്ടി പ്രതിഫലിക്കുന്നതിനാലാണ് അന്തരീക്ഷ ഊഷ്മാവ് കൂടുന്നത്. പടിഞ്ഞാ റന്‍ തരംഗം എന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിളിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. സാധാരണ നിലയില്‍ അനുഭവപ്പെടുന്ന പരമാവധി ചൂടിനേക്കാള്‍ കൂടുതലായി അന്തരീക്ഷോഷ്മാവ് അനുഭവപ്പെടുമ്പോഴാണ് പടി ഞ്ഞാറന്‍ തരംഗം ഉണ്ടാകുക. അമിതമായ അന്തരീക്ഷ ഊഷ്മാവ് ഒരു പ്രദേശത്തു നിന്ന് മറ്റൊരു പ്രദേശത്തേക്ക് നീങ്ങിത്തുടങ്ങും.
ചൂടുതരംഗം അഥവാ ഹീറ്റ് വേവ് എന്നു വിളിക്കുന്ന ഈ കാലാവസ്ഥാ രീതി കടുത്ത ചൂടിനിടയാക്കും. അന്തരീക്ഷത്തില്‍ ഈ സമയത്ത് മേഘങ്ങള്‍ ഉണ്ടാകില്ല. കൊടും ചൂട് നേരിട്ട് ഭൂമിയില്‍ പതിക്കും. അന്തരീക്ഷോഷ്മാവുമായി ഇണങ്ങി ജീവിച്ചു പരിചയിച്ച ജീവികള്‍ക്കു പൊടുന്നെയുണ്ടാകുന്ന ഈ മാറ്റം താങ്ങാനാവില്ലെന്നും ഗവേഷകര്‍ പറയുന്നു.