Connect with us

Gulf

ദുബൈയില്‍ മഴക്കാടുള്ള ആഡംബര താമസ കേന്ദ്രം വരുന്നു

Published

|

Last Updated

ദുബൈ: മഴക്കാട് ഉള്‍പെട്ട ആഡംബര താമസ കേന്ദ്രം നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാണ കമ്പനി ഒരുങ്ങുന്നു. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന് മുന്നോടിയായി ദമാക് പ്രോപര്‍ട്ടീസ് അക്കോയ ഓക്‌സിജന്‍ മാസ്റ്റര്‍ കമ്യൂണിറ്റി എന്ന പേരിലാണ് ഇത് യാഥാര്‍ഥ്യമാക്കുക. ലോകത്തിന്റെ ആറു ശതമാനം സ്ഥലം മഴക്കാടുകളാല്‍ മൂടപ്പെട്ട നിലയിലാണുള്ളത്. അത്തരം സ്ഥലത്ത് ചെല്ലുന്ന പ്രതീതിയാവും പദ്ധതി യാഥാര്‍ഥ്യമായാല്‍ ദുബൈ നഗരം സന്ദര്‍ശിക്കുന്നവര്‍ക്കും അനുഭവപ്പെടുക. ദുബൈ നഗരത്തിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതില്‍ ബുര്‍ജ് ഖലീഫ ഉള്‍പെടെയുള്ളവക്കൊപ്പം മഴക്കാടും പ്രസിദ്ധമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡമാക് പ്രോപര്‍ട്ടീസ് എം ഡി സിയാദ് എല്‍ ചാര്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശകര്‍ക്ക് ഈ വനത്തിലൂടെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കും. മരം കയറുക തുടങ്ങിയ വിനോദങ്ങള്‍ക്കും അവസരമുണ്ടാവും. ഇതിലൂടെ കാട്ടിലെ ജീവി വര്‍ഗങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും സാധിക്കുംവിധമാണ് ഇത് സംവിധാനം ചെയ്യുക. മഴക്കാടില്‍ സ്പാ ആസ്വദിക്കാനും മരങ്ങളില്‍ ബന്ധിപ്പിച്ച വയറിലൂടെ കേബിള്‍ കാറില്‍ സഞ്ചരിക്കാനുമെല്ലാം ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ഹൈഡ്രോതെര്‍മല്‍ പരിചരണവും പാറക്കകത്തെ കുളവും സ്റ്റീം ബാത്തുമെല്ലാം സന്ദര്‍ശകരെ വരവേല്‍ക്കാനുണ്ടാവും. ദമാക്കിന് കീഴിലുള്ള ട്രമ്പ് വേള്‍ഡ് ഗോള്‍ഫ് ക്ലബ്ബ് ഹൗസിന് സമീപത്താവും മഴക്കാട് ഒരുക്കുക.

മരുഭൂ കാലാവസ്ഥയില്‍ കൃത്രിമമായി മഴക്കാട് ഒരുക്കുകയെന്നത് പ്രകൃതിയോടുള്ള വെല്ലുവിളിയാണെന്ന് ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. അലി എല്‍ കെബ്ലാവി അഭിപ്രായപ്പെട്ടു. പദ്ധതിക്കായി കൂടിയ അളവില്‍ ജലം ആവശ്യമായി വരുമെന്നും ഷാര്‍ജ സീഡ് ബേങ്കിന്റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഓര്‍മിപ്പിച്ചു. മരുഭൂമിയില്‍ വളരുന്ന കുറ്റിച്ചെടികള്‍ക്കും മരങ്ങള്‍ക്കും കുറഞ്ഞ അളവില്‍ ജലം മതിയാവും. എന്നാല്‍ മഴക്കാടുകളില്‍ വളരുന്ന ചെടികളെയും വൃക്ഷങ്ങളെയും പരിപാലിക്കാന്‍ വളരെ കൂടിയ അളവില്‍ വെള്ളം വേണ്ടിവരും. പൂര്‍ണമായും ഗ്രീന്‍ഹൗസ് മാതൃകയില്‍ ചെയ്താല്‍ വെള്ളം ആവിയായി പോകുന്നത് കുറക്കാമെങ്കിലും പദ്ധതി ദുബൈയുടെ കാലാവസ്ഥക്ക് എത്രത്തോളം അനുയോജ്യമാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളും ഫംഗസുകളുമെല്ലാം ദുബൈയിലെ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും അറിയണം. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം പദ്ധതി ആരംഭിക്കുന്നതിന് മുമ്പായി നിര്‍മാണ കമ്പനി വിശദമായും സൂക്ഷ്മമായും പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Latest