സദാചാര ഗുണ്ടാ ആക്രമണം: കൂടരഞ്ഞിയിലും സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദനം

Posted on: February 26, 2015 9:39 am | Last updated: February 26, 2015 at 9:39 am

മുക്കം: ആനയാകുന്നിന് സമീപ്പം കൂടരഞ്ഞിയിലും സഹോദരങ്ങള്‍ക്ക് സദാചാര ഗുണ്ടാ മര്‍ദനം. കമിതാക്കളെന്ന് ആരോപിച്ച് അഞ്ചംഗ സംഘമാണ് കുറ്റിയാടി തൊട്ടില്‍പാലം സ്വദേശികളായ ഡിവേകിനെയും പ്ലസ്‌വണ്‍ വിദ്യാഥിയായ സഹോദരിയെയും മര്‍ദിച്ചത്. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മുക്കത്തിനടുത്ത് ആനയാംകുന്നില്‍ സഹോദരങ്ങള്‍ക്ക് സദാചാര ഗുണ്ടകളുടെ മര്‍ദന മേറ്റിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഇതിന്റെ ചൂടാറും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ കൂടരഞ്ഞിയിലും മര്‍ദനം നടന്നത്.
മുക്കം കോ ഓപ്പറേറ്റീവ് കോളജില്‍ പഠിക്കുന്ന ഡിവേകിന്റെ സഹോദരിക്ക് പരീക്ഷാ കേന്ദ്രമായ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോകവേയാണ് മര്‍ദനമേറ്റത്. പ്രതികള്‍ മുക്കത്ത് നിന്ന് ഡിവേകിനേയും സഹോദരിയേയും പിന്‍തുടരുകയായിരുന്നു. മൂന്ന് പേര്‍ ഇവര്‍ സഞ്ചരിച്ച ബസിലും രണ്ട് പേര്‍ ബൈക്കിലുമായാണ് പിന്തുടര്‍ന്നത്. പിന്നീട് കൂടരഞ്ഞി സ്‌കൂളിനടുത്തുവെച്ച് മര്‍ദിക്കുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ മൂന്ന് പേരെ കൈയോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. മറ്റു രണ്ട് പേരെ വൈകുന്നേരത്തോടെ പോലീസ് പിടികൂടി.
പരുക്കേറ്റ ഡിവേകും സഹോദരിയും മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഡിവേകിന്റെ സഹോദരി മണാശ്ശേരി ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്.
പ്രതികളായ നായര്‍കുഴി പുത്തുറ്റ് ജിതിന്‍ (18), പാലക്കാട് നെന്മാറ സ്വദേശി അജ്ഷ്(18), എന്നിവര്‍ക്കും പ്രായ പൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.