Connect with us

International

അഫ്ഗാന്‍ ജയിലുകളില്‍ ഇപ്പോഴും പീഡനം തുടരുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ ജയിലുകളില്‍ ഇപ്പോഴും പീഡനം തുടരുന്നതായി യു എന്‍ മനുഷ്യാവകാശ അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ ബന്ധം സംശയിക്കുന്ന 800ഓളം തടവുകാരില്‍ മൂന്നിലൊരുഭാഗത്തെയും അഫ്ഗാന്‍ ജയിലധികൃതര്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് യു എന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഭിമുഖത്തില്‍ വ്യക്തമായിരിക്കുന്നത്.
എല്ലാ വിദേശ സൈനികരെയും പിന്‍വലിക്കലോടു കൂടെ താലിബാന്‍ അക്രമം അവസാനിപ്പിക്കുന്നതിനുള്ള മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത അഫിഗാനിസ്ഥാന്‍, തടവുകാരെ പരിചരിക്കുന്നതില്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തടവുകാര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും യു എന്‍ പറഞ്ഞു. തടവുകാര്‍ക്കെതിരായ പീഡനങ്ങളെയും മോശമായ പെരുമാറ്റങ്ങളെയും നിവാരണം ചെയ്യാനുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അല്‍പം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രവര്‍ത്തനങ്ങളും ബാക്കി കിടക്കുകയാണെന്ന് മുതിര്‍ന്ന യു എന്‍ അഫ്ഗാന്‍ സ്ഥാനപതി നിക്കോളാസ് ഹൈസണ്‍ പറഞ്ഞു.
തടവുകാര്‍ക്കു മേലുള്ള പീഡനം അഫ്ഗാന്‍ നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും അവരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ വ്യാപകമായി ജയിലുകളില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ തന്നെ നീതി നിര്‍വഹണത്തിന് കോടതിക്ക് അമിതമായി കുറ്റ സമ്മതത്തെ ആശ്രയിക്കേണ്ടി വരുന്നുവെന്നും യു എന്‍ പറഞ്ഞു.
790 തടവുകാരില്‍ 35 ശതമാനവും താലിബാന്‍ നേതൃത്വം നല്‍കുന്ന അക്രമങ്ങളില്‍ സംബന്ധിച്ചവരാണെന്ന പേരില്‍ പീഡിപ്പിക്കപ്പെടുന്നവരാണെന്നും 2010 വരെയായിട്ടും ഇതില്‍ ഒരു സംഭവം മാത്രമേ കോടതിയിലെത്തിയിട്ടുള്ളൂവെന്നും യു എന്‍ കണ്ടെത്തി.
യു എന്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പല കാര്യങ്ങളിലും വിയോജിക്കുന്നുവെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ യു എന്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. ജയില്‍ പീഡനം ഒരു പ്രശ്‌നമായി സര്‍ക്കാര്‍ സമ്മതിക്കുന്നുവെങ്കിലും തീവ്രവാദത്തിന്റെ ഉന്മൂലനത്തിനുള്ള ആസൂത്രണമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്.
പ്രഹരമേല്‍പ്പിക്കുക, വൈദ്യുതാഘാതമേല്‍പ്പിക്കുക, തൂക്കി നിര്‍ത്തുക തുടങ്ങി ജയില്‍ പീഡനത്തിന്റെ 16 രീതികള്‍ തടവുകാര്‍ യു എന്‍ അധികൃതരോട് വിശദീകരിച്ചു.

 

Latest