ദുബൈ ടാക്‌സിയില്‍ നിന്നു വീണ്ടെടുത്തവയില്‍ നവജാത ശിശുവും

Posted on: February 24, 2015 6:35 pm | Last updated: February 24, 2015 at 6:35 pm

taxiദുബൈ: ദുബൈ ടാക്‌സിയില്‍ നിന്നു വീണ്ടെടുത്തവയില്‍ നവജാത ശിശുവും ഉള്‍പെടുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം ദിര്‍ഹവും 5,313 മൊബൈല്‍ എന്നിവയും ഉള്‍പെടെ 51,239 വസ്തുക്കളാണ് കഴിഞ്ഞ വര്‍ഷം യാത്രക്കാര്‍ മറന്നുവെച്ച നിലയില്‍ ടാക്‌സികളില്‍ നിന്നു ലഭിച്ചത്. ദുബൈ മാളിലേക്കുള്ള യാത്രക്കിടയിലാണ് മാതാപിതാക്കള്‍ കുട്ടിയെ കാറില്‍ മറന്നുവെച്ചത്. ഈ കുട്ടിയെ പിന്നീട് ഹോട്ടലില്‍ താമസിക്കുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചു നല്‍കുകയായിരുന്നു.
57,239 യു എസ് ഡോളര്‍, 6,000 പൗണ്ട്, 2,983 സ്യൂട്ട്‌കെയ്‌സുകള്‍, 1,390 പേഴ്‌സുകള്‍, 685 പാസ്‌പോര്‍ട്ടുകള്‍, 511 താക്കോലുകള്‍, 321 ക്യാമറകള്‍, 303 ലാപ്‌ടോപ്പുകള്‍, 301 കണ്ണടകള്‍, 292 ഡിസൈനര്‍ ക്ലോത്തുകള്‍, 267 ഔദ്യോഗിക രേഖകള്‍, ഇതിനെല്ലാം പുറമെ വിലപിടിച്ചതും തിരിച്ചറിയാന്‍ സാധിക്കാത്തതുതമായ ഒരു ലക്ഷം ഡോളര്‍ വിലവരുന്ന വസ്തുക്കളും ടാക്‌സികളില്‍ നിന്നു കിട്ടിയവയില്‍ ഉള്‍പെടും. സാധാനങ്ങള്‍ നഷ്ടപ്പെടുന്ന കേസുകളില്‍ ടാക്‌സി റെസിപ്റ്റുകള്‍ സൂക്ഷിച്ചാല്‍ പെട്ടെന്ന് അവ തിരിച്ചുകിട്ടാന്‍ സഹായകമാവുമെന്ന് ആര്‍ ടി എ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ അഹ്മദ് മെഹ്ബൂബ് ഓര്‍മിപ്പിച്ചു.
സത്യസന്ധത, സുരക്ഷ, യാത്രക്കാരോടുള്ള മികച്ച പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്ക് 2,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പാരിതോഷികമായി ആര്‍ ടി എ നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനത്തെ സസൂക്ഷ്മം വിലയിരുത്തിയാണ് സമ്മാനം നല്‍കുന്നത്. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തെറ്റായ പ്രവര്‍ത്തികള്‍ പിഴയും ബ്ലാക്ക് പോയന്റും ക്ഷണിച്ചുവരുത്താറുണ്ട്. മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുക, യാത്രക്കാരോട് മോശമായി പെരുമാറുക, അവരുടെ വസ്തുക്കള്‍ കൈക്കലാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പെടും. അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറച്ചുകൊണ്ടുവരാനാണ് ഡ്രൈവര്‍മാര്‍ക്ക് പ്രോത്സാഹനമായി പാരിതോഷികങ്ങള്‍ നല്‍കുന്നത്. ഇത് മറ്റുള്ളവര്‍ക്കും പ്രചോദനമാവും.
ഡ്രൈവര്‍മാര്‍ ആര്‍ ടി എയുടെ ടാക്‌സി ഓഫീസില്‍ സമര്‍പിച്ച വസ്തുക്കളില്‍ ഏറ്റവും വിലകൂടിയത് 12 ലക്ഷം ദിര്‍ഹം വിലവരുന്ന വജ്രാഭരണമാണ്. ഇതോടൊപ്പം പണവും വിലകൂടിയ വാച്ചും ബംഗ്ലാദേശ് ഡ്രൈവര്‍ ആര്‍ ടി എയെ ഏല്‍പിച്ചിരുന്നു. ഷിഫ്റ്റ് അവസാനിപ്പിച്ച് കാര്‍ പരിശോധിച്ച അവസരത്തിലാണ് വസ്തുക്കള്‍ യാത്രക്കാരന്‍ മറന്നുവെച്ച നിലയില്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ പതിഞ്ഞത്.
2013ല്‍ പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ കാറില്‍ നിന്ന ലഭിച്ച 1,23,700 സഊദി റിയാലും സ്വര്‍ണാഭരണങ്ങളും പോലീസില്‍ ഏല്‍പിച്ച് മാതൃകയായിരുന്നു. കഴിഞ്ഞ വര്‍ഷം 26.8 ലക്ഷം ഫോണ്‍ കോളുകള്‍ ദുബൈ ടാക്‌സി ഓഫീസ് കൈകാര്യം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.