സമ്മേളനം പഠിക്കാന്‍ അസം സംഘമെത്തി

Posted on: February 24, 2015 10:07 am | Last updated: February 24, 2015 at 10:07 am

പാലക്കാട്: ഉള്ളടക്കത്തിലും സംഘാടനത്തിലും വേറിട്ട അനുഭവങ്ങളുമായി നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ അസമില്‍ നിന്ന് സംഘമെത്തി. എസ് വൈ എസിന്റെ ദേശീയ ഘടകമായ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ അസം, ത്രിപുര, മണിപ്പൂര്‍ സ്റ്റേറ്റ് ഭാരവാഹികളടങ്ങിയ എട്ടംഗ സംഘമാണ് ഇന്നലെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. മൗലാനാ യൂസുഫ് റഹ്മാന്‍, മൗലാനാ ശിഹാബുദ്ദീന്‍, മൗലാനാ സൈനുല്‍ ആബിദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമുണ്ട്. എസ് വൈ എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 28ന് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലും സംഘം പങ്കെടുക്കും.
പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘത്തെ എം ഒ ഐ ദേശീയ കമ്മിറ്റിയംഗം ഹസൈനാര്‍ നദ്‌വിയുടെ നേതൃത്വത്തില്‍ എസ് വൈ എസ് പാലക്കാട് ജില്ലാ സാരഥികളായ സിദ്ദീഖ് സഖാഫി, ബാവ സഖാഫി, നാസര്‍ കല്‍മണ്ഡപം, ശബീര്‍ മേപ്പറമ്പ്, സയ്യിദ് ജലാലുദ്ദീന്‍, അബ്ദുല്ല ദാവൂദ്, സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സംഘം സമ്മേളന നഗരിയും മലപ്പുറം ജില്ലകളില്‍ നടക്കുന്ന വിവിധ സമ്മേളന പ്രവര്‍ത്തനങ്ങളും സന്ദര്‍ശിക്കും.