ബംഗ്ലാദേശ് ബോട്ടപകടം: മരണം 69 ആയി

Posted on: February 24, 2015 9:45 am | Last updated: February 24, 2015 at 9:45 am

ധാക്ക: മധ്യ ബംഗ്ലാദേശില്‍ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ 69 ആയി. കാര്‍ഗോ കപ്പലുമായി കുട്ടിയിടിച്ച് മുങ്ങിയ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചത്.
അമിതമായി യാത്രക്കാര്‍ കയറിയതിനാലും കപ്പലുമായുള്ള കൂട്ടിയിടിക്ക് ശേഷം രണ്ട് മിനുട്ടിനുള്ളില്‍ ബോട്ട് മുങ്ങിത്താണതിനാലും ബോട്ടിന്റെ ഡക്കില്‍ നിന്നും യാത്രക്കാര്‍ക്ക് രക്ഷപ്പെടല്‍ അസാധ്യമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ രണ്ടാഴ്ചക്കുള്ളില്‍ നടന്ന ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ രണ്ടാമത്തെ ബോട്ടപകടമാണിത്. ബോട്ട് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി തീരത്തെത്തിച്ചതിനു ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണ നിരക്ക് ഇപ്പോള്‍ 69 ആണ്. ഏകദേശം 150 ആളുകളെങ്കിലും ബോട്ടിലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ റാഷിദ ഫിര്‍ദൗസ് പറഞ്ഞു. മുകളിലെ ഡെക്കിലുണ്ടായിരുന്നവര്‍ ചാടി നീന്തുകയോ മറ്റു ബോട്ടുകാര്‍ അവരെ രക്ഷപ്പെടുത്തുകയോ ചെയ്തിരുന്നു. താഴെ ഡെക്കിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ലായിരുന്നു- ഫിര്‍ദൗസ് കൂട്ടിച്ചേര്‍ത്തു.
ധാക്കയില്‍ നിന്നും 70 കിലോമീറ്റര്‍ പടിഞ്ഞാറുള്ള പദ്മ നദിയില്‍ അപകടത്തിനു ശേഷം മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാത്രിയില്‍ പോലും തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുമ്പോള്‍ തീരത്ത് കാണാതായവരുടെ ബന്ധുക്കളടക്കം നൂറുകണക്കിനാളുകള്‍ ഒരുമിച്ചുകൂടിയിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.