പൊന്‍കുഴി കോളനിക്കാര്‍ക്ക് ആശ്രയം പുഴവെള്ളം

Posted on: February 23, 2015 11:30 am | Last updated: February 23, 2015 at 11:30 am

സുല്‍ത്താന്‍ ബത്തേരി: കുടിവെള്ളം കിട്ടാത്തതുകാരണം ആദിവാസികള്‍ കുടിക്കുന്നതു പുഴവെള്ളം. നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി പണിയ കോളനിവാസികളാണ് കുടിവെള്ളത്തിനായി പുഴയെ ആശ്രയിക്കുന്നത്.
ഇതു കോളനിക്കാരെ രോഗികളാക്കുന്നതായും പരാതിയുണ്ട്. പൊന്‍കുഴി പണിയ കോളനിയിലെ 40ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി സമീപത്തെ പൊന്‍കുഴി പുഴയെ ആശ്രയിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കോളനിയില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.
കോളനിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയില്‍ ഒരു ദിവസം വെള്ളം എത്തിയാല്‍ ഭാഗ്യമെന്ന അവസ്ഥയാണ്. ഇതിനു പുറമെ കോളനിയില്‍ നിര്‍മിച്ച കുഴല്‍ക്കിണറും തകര്‍ന്നു. ഈ അവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചതിനെത്തുടര്‍ന്ന് 500 ലിറ്റര്‍ വെള്ളം കോളനിയില്‍ എത്തിക്കുന്നുണ്ടെങ്കിലും 150ഓളം അംഗങ്ങളുള്ള കോളനിക്കാര്‍ക്ക് ഈ വെള്ളം അടിയന്തര ആവശ്യങ്ങള്‍ക്കു പോലും തികയാറില്ല. ഈ സാഹചര്യത്തിലാണ് സമീപത്തെ പുഴയെ കുടിവെള്ളത്തിനായി ആശ്രയിക്കേണ്ടിവരുന്നതെന്നു കോളനിക്കാര്‍ പറയുന്നു. പുഴവെള്ളമെടുക്കുന്നതിന് കാട്ടാനകള്‍ വിഹരിക്കുന്ന വനത്തിലൂടെ സഞ്ചരിക്കണം. ഇങ്ങനെ വെള്ളം ശേഖരിക്കാന്‍ പോവുന്നതിനിടെ കാട്ടാനയുടെ ആക്രമത്തില്‍ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നതെന്നും കോളനിവാസികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോളനിയില്‍ കുടിവെള്ളം എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാവണമെന്നാണ് ആവശ്യം.