അവയ്‌ലബിള്‍ പിബിയില്‍ വി എസിന് തിരിച്ചടി; പ്രമേയം റദ്ദാക്കില്ല

Posted on: February 22, 2015 3:43 pm | Last updated: February 24, 2015 at 11:29 am

vs sadതിരുവനന്തപുരം/ ആലപ്പുഴ: അവൈലബിള്‍ പി ബി യോഗത്തില്‍ വി എസിന് തിരിച്ചടി. പാര്‍ട്ടി വിരുദ്ധന്‍ എന്ന സെക്രട്ടേറിയറ്റ് പ്രമേയത്തിലെ ആരോപണം പിന്‍വലിക്കണമെന്ന വി എസിന്റെ ആവശ്യം അവയ്‌ലബിള്‍ പി ബി തള്ളി. പ്രമേയം റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം പ്രമേയം സമ്പൂര്‍ണ പി ബി യോഗം പിന്നീട് പരിഗണിക്കാനും അവയ്‌ലബിള്‍ പി ബിയില്‍ തീരുമാനമായി. പരാമര്‍ശം പിന്‍വലിക്കണമെന്ന് യോഗത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടുവെങ്കിലും മറ്റു അംഗങ്ങള്‍ എതിര്‍ക്കുകയായിരുന്നു.

വി എസിന്റെ നിലപാട് പാര്‍ട്ടിയോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. യോഗ തീരുമാനങ്ങള്‍ വി എസിനെ അറിയിക്കും. ഇതൊടെ വി എസ് ഇനി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

CPI_M_അതേസമയം, കേന്ദ്ര നേതാക്കളുടെ പിന്തുണ വി എസിന് ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.  വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്ന് പി ബി അംഗം യെച്ചൂരി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനും ബംഗാള്‍ സെക്രട്ടറി ബിമന്‍ബോസിനും വി എസിനെ പുറത്താക്കരുതെന്ന നിലപാടാണുള്ളത്. വി എസിനെ പുറത്താക്കുന്നതിനോട് ബംഗാള്‍ ഘടകത്തിനും യോജിപ്പില്ല.

സമ്മേളനത്തില്‍ നിന്ന് വി എസ് മാറി നിന്നത് തിരിച്ചടിയായെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്. എന്നാല്‍ വി എസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ ഇന്ന് സംസാരിച്ചവരും വി എസിനെതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയത്. വി എസ് ആലപ്പുഴയില്‍ നിന്ന് പോയത് പലനേതാക്കളും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിയുന്നത്.

വി എസ് പാര്‍ട്ടിയില്‍ നിന്ന് പോയാലും ഒന്നും സംഭവിക്കില്ലെന്ന് ടി ശിവദാസ മേനോന്‍ പറഞ്ഞു. വി എസിനെതിരായ പ്രമേയം പിണറായി പരസ്യപ്പെടുത്തിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും കൂടി ഉണ്ടാക്കിയ പ്രസ്ഥാനം തകരില്ലെന്നാണ് പ്രതീക്ഷയെന്ന് വി എസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ പറഞ്ഞു. അച്ഛന് ദോഷുണ്ടാകുന്ന തീരുമാനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും എല്ലാം പോസിറ്റീവായി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും ഡല്‍ഹി കേരളാ ഹൗസിന് സമീപവും വി എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയിലും സിപിഎമ്മിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചയാണ് നടക്കുന്നത്.