Connect with us

National

അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുസ്സ് കുറക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുസ്സിനെ ഗുരുതരമായി ബാധിക്കുന്നതായി പുതിയ പഠനം. വായു മലിനീകരണം നിമിത്തം ആയുസ്സ് മൂന്ന് വര്‍ഷം കുറയുന്നതായാണ് ചിക്കാഗോ, ഹാര്‍വാര്‍ഡ്, യാലെ യൂനിവേഴ്‌സിറ്റികളെ സാമ്പത്തികവിദഗ്ധര്‍ നടത്തിയ പഠനം പറയുന്നത്. “ഇക്കണോമിക് ആന്‍ഡ് പോളിറ്റിക്കല്‍ വീക്ക്‌ലി”യിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സുരക്ഷിതമെന്ന് തോന്നിക്കുന്ന മാനദണ്ഡത്തേക്കാളും അന്തരീക്ഷ മലിനീകരണം പലമടങ്ങ് ഉയര്‍ന്ന അവസ്ഥയിലാണ് ഇന്ത്യയിലെ 66 കോടി ജനങ്ങളും ജീവിക്കുന്നത്. ആഗോള മാനദണ്ഡപ്രകാരമുള്ള അവസ്ഥയിലേക്ക് ഇന്ത്യ ഉയര്‍ന്നാല്‍ 66 കോടി പേര്‍ക്ക് 3.2 വര്‍ഷം അധികം ആയുസ്സ് ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വര്‍ഷം 21 കോടി പേരുടെ ജീവന്‍ രക്ഷിക്കാനാകും. സാമ്പത്തിക വളര്‍ച്ചയിലാണ് ഇന്ത്യയുടെ ശ്രദ്ധ. അന്തരീക്ഷ മലിനീകരണം കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സാമ്പ്രദായിക വളര്‍ച്ചാ വ്യാഖ്യാനം അവഗണിച്ചിരിക്കുന്നു. പഠനം നടത്തിയവരിലൊരാളും ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ മൈക്കല്‍ ഗ്രീന്‍സ്റ്റോണ്‍ പറയുന്നു.
ജനങ്ങളുടെ അകാലമൃത്യു കാരണം അന്തരീക്ഷ മലിനീകരണം വളര്‍ച്ചയെ മന്ദഗതിയിലാക്കി. ഉത്പാദനക്ഷമത കുറയുക, രോഗമുള്ള ദിവസങ്ങള്‍ വര്‍ധിക്കുക, ആരോഗ്യ രക്ഷാ ചെലവ് വര്‍ധിക്കുക ഇവയും മലിനീകരണം കാരണമായി ഉണ്ടാകുന്നു. ലോകത്തെ ഏറ്റവും വലിയ മലിനീകരണമുള്ള 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലാണ്. ശ്വസനസംബന്ധിയായ മരണ നിരക്ക് ഇന്ത്യയിലാണ് കൂടുതല്‍. അന്തരീക്ഷ മലിനീകരണത്തിന് ഇന്ത്യ നല്‍കുന്ന വില രണ്ട് കോടി ജീവനുകളാണ്. മലിനീകരണ നിയന്ത്രണ പരിശോധനാ സ്റ്റേഷനുകള്‍ ഇല്ലാത്തതും ഇന്ത്യയില്‍ തിരിച്ചടിയായി. ബീജിംഗ് നഗരത്തില്‍ മാത്രം 35 കേന്ദ്രങ്ങളുണ്ട്. കൊല്‍ക്കത്തിയില്‍ മാത്രമാണ് കൂടുതലുള്ളത്; 20 എണ്ണം. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതുവഴി ആരോഗ്യമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകും. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ എവിഡന്‍സ് ഫോര്‍ പോളിസി ഡിസൈന്‍ ഡയറക്ടര്‍ രോഹിണി പാണ്ഡെ പറയുന്നു. നിക്കോളാസ് റ്യാന്‍ (യാലെ), ജന്‍ഹവി നിലേകന, അനീഷ് സുഗതന്‍ (ഇരുവരും ഹാര്‍വാര്‍ഡ്), ഇ പി ഐ സി ഡയറക്ടര്‍ ആനന്ദ് സുദര്‍ശന്‍ എന്നിവരും പഠന സംഘത്തില്‍ പെടുന്നു.

Latest