Connect with us

Ongoing News

ചരിത്രം തിരുത്താന്‍ ടീം ഇന്ത്യ

Published

|

Last Updated

മെല്‍ബണ്‍: ലോകകപ്പില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയോട് ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ ഇന്ത്യ ഇറങ്ങുന്നു. ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരു ജയം പോലും ഇന്ത്യക്ക് നേടാനായിട്ടില്ല. ഇന്ത്യ ചാമ്പ്യന്മാരായ കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഈ ചരിത്രം തിരുത്താന്‍ കൂടിയാണ് ഇന്ത്യ നിര്‍ണായക പോരിനിറങ്ങുന്നത.് ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ചാമ്പ്യന്മാര്‍ നാളെ കളത്തിലിറങ്ങുക. അതെ സമയം, സിംബാബ്‌വെയെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. 339 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും 62 റണ്‍സിനാണ് ദക്ഷിണാഫ്രിക്കക്ക് ജയിക്കാനായത്. ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബൗളിംഗ് നിരയെ സിംബാബ്‌വെ ബാറ്റ്‌സ്മാന്‍മാര്‍ വെള്ളം കുടിപ്പിച്ച മത്സരത്തില്‍ അവര്‍ 277 റണ്‍സ് അടിച്ചുകൂട്ടി.
ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. ബാറ്റിംഗിലാണ് ഇന്ത്യന്‍ പ്രതീക്ഷകളത്രയും. കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണ്‍ ചെയ്യും. പരുക്ക് മാറിയ ഭുവനേശ്വര്‍ കുമാര്‍ മോഹിത് ശര്‍മക്ക് പകരം ടീമിലെത്താന്‍ സാധ്യതയെറെയാണ്. പരിശീലനത്തിനിടെ ഉമേഷ് യാദവിന്റെ പന്ത് കൊണ്ട് പരുക്കേറ്റ സ്പിന്നര്‍ ആര്‍ അശ്വിന്‍ പരുക്ക് മാറി പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ പരുക്കേറ്റ പേസ് ബൗളര്‍ ഡെയ്ന്‍ സ്റ്റെയ്ന്‍ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്ത്യക്കെതിരെ സ്റ്റെയ്ന്‍ കളിക്കുമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും കോച്ച് റസ്സല്‍ ഡൊമിന്‍ഗോ വ്യക്തമാക്കി.
ഡെയ്ന്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, വെര്‍ണോണ്‍ ഫിന്‍ലാന്‍ഡര്‍ എന്നിവരുള്‍പ്പെടുന്ന ബൗളിംഗ് നിരക്ക് മത്സരങ്ങളുടെ ഗതി തിരിച്ചുവിടാനുള്ള പ്രാപ്തിയുണ്ട്. ബൗണ്‍സുള്ള പിച്ചില്‍ സിംഗും സീമുമായി പന്തെറിയുന്ന ഇവരെ മെരുക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും. ബാറ്റിംഗിലും ദക്ഷിണാഫ്രിക്ക കരുത്തരാണ്. ഓപ്പണര്‍മാരായ ഡികോക്കും ഹഷിം അംലയും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. ഡുപ്ലെസിസും ക്യാപ്റ്റന്‍ ഡിവില്ല്യേഴ്‌സും ജീന്‍ പോള്‍ ഡുമിനിയും ഡേവിഡ് മില്ലറും ഏതൊരു ബൗളിംഗ് നിരയെയും നിഷ്പ്രഭമാക്കുന്ന ബാറ്റിംഗ് കാഴ്ചവെക്കുന്നവരാണ്.
സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ഡുമിനിയും മില്ലറും സെഞ്ച്വറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗാണ് മറ്റൊരു നിര്‍ണായക ഘടകം. സിംഗിളുകളും ഡബിളുകളുമെടുത്ത സ്‌കോര്‍ നേടാനുള്ള ബാറ്റ്‌സ്മാന്‍മാരുടെ ശ്രമം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ അനുവദിക്കില്ല. ഇന്ത്യയുടെ ഫീല്‍ഡിംഗ് ഏറെ പുരോഗതി കൈവരിച്ചിട്ടുമില്ല. റെയ്‌ന, കോഹ്‌ലി, ജഡേജ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ മികച്ച ഫീല്‍ഡര്‍മാര്‍.