കഴിഞ്ഞ വര്‍ഷം റാസല്‍ ഖൈമ റോഡുകളില്‍ പൊലിഞ്ഞത് 71 ജീവനുകള്‍

Posted on: February 20, 2015 6:51 pm | Last updated: February 20, 2015 at 6:51 pm

accidentറാസല്‍ ഖൈമ: കഴിഞ്ഞ വര്‍ഷം റാസല്‍ ഖൈമയിലെ റോഡുകൡ 71 ജീവനുകള്‍ പൊലിഞ്ഞതായി റാസല്‍ ഖൈമ പോലീസിന്റെ ഗതാഗത വിഭാഗം വെളിപ്പെടുത്തി. വിവിധ റോഡുകളില്‍ സംഭവിച്ച വാഹനാപകടങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്.
അമിതവേഗമാണ് മരണങ്ങള്‍ക്ക് മുഖ്യ കാരണം. 2013ല്‍ 42 പേര്‍ മാത്രമായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചത്. മനുഷ്യരുമായി ബന്ധപ്പെട്ട കാരണങ്ങളാണ് 85 ശതമാനം അപകട മരണങ്ങള്‍ക്കും ഇടയാക്കിയതെന്ന് ഗതാഗത വിഭാഗത്തിലെ എഞ്ചിനിയറിംഗ് വിഭാഗം തലവന്‍ കേണല്‍ അഹ്മദ് സഈദ് അല്‍ നഖ്ബി വ്യക്തമാക്കി.
അശ്രദ്ധമായി വാഹനം ഓടിക്കുക, ട്രാഫിക് സിഗ്നലുകള്‍ മറികടക്കുക, മദ്യപിച്ചും മയക്കുമരുന്നു ഉപയോഗിച്ചും വാഹനം ഓടിക്കുക, തെറ്റായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടക്കുക, മതിയായ അകലം പാലിക്കാതിരിക്കുക, ടയര്‍ പൊട്ടുക, അപകടകരമായ വിധത്തിലുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് മനുഷ്യരുമായി ബന്ധപ്പെട്ട കാരണങ്ങളില്‍ പ്രധാനം.
അമിതമായ ക്ഷീണത്തോടെ വാഹനം ഓടിക്കുക, മാനസിക സമ്മര്‍ദം, തെറ്റായ കണക്കുകൂട്ടലുകള്‍, അശ്രദ്ധ, കാഴ്ചയില്‍ സംഭവിക്കുന്ന പിഴവുകള്‍ തുടങ്ങിയവയാണ് ഇവയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം വിശദീകിരിച്ചു.