Connect with us

Eranakulam

മുഖ്യമന്ത്രിക്ക് സരിതയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടേപ്പ് കൈയിലുണ്ടെന്ന് തോമസ് ഐസകിന്റെ മൊഴി

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമ്മതിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പക്കലുണ്ടെന്ന് ടി എം തോമസ് ഐസക്. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മൊഴി നല്‍കി. സജി ചെറിയാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ സരിത മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത് താന്‍ കേട്ടിട്ടുള്ളതാണ്്. പലരെക്കുറിച്ചും സഭ്യമല്ലാത്ത കാര്യങ്ങള്‍ സരിത പറയുന്നുണ്ടെന്നതിനാല്‍ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന വേളയില്‍ ആ ടേപ്പ് പുറത്തുവിടേണ്ടെന്ന് തങ്ങള്‍ രാഷ്ട്രീയമായി തീരുമാനിക്കുകയായിരുന്നുവെന്ന് തോമസ് ഐസക്ക് കമ്മീഷനെ അറിയിച്ചു. സോളാര്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വസതിയിലേക്കും സരിത 70ലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കിയ തോമസ് ഐസക്ക് ടെലിഫോണ്‍ കാള്‍ ലിസ്റ്റും കമ്മീഷന്‍ മുമ്പാകെ ഹാജരാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍നിന്നും മുഖ്യമന്ത്രിയുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ നിന്നും സരിത എസ് നായരെ നിരവധി തവണ വിളിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ സെക്രട്ടറിയേയും സരിതയും തിരിച്ചും വിളിച്ചിട്ടുണ്ട്. സരിതയ്‌ക്കെതിരെ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയതിനും ഇവരെ അറസ്റ്റ് ചെയ്തതിനും ഇടയിലുള്ള ദിവസങ്ങളിലാണ് ഫോണ്‍ വിളിച്ചത്. അക്കാലത്ത് മുഖ്യമന്ത്രി സ്വന്തമായി ഫോണ്‍ ഉപയോഗിക്കാറില്ല. മുഖ്യമന്ത്രിയെ വിളിക്കാന്‍ താനുള്‍പ്പെടെയുള്ള എം എല്‍ എ മാര്‍ ഓഫീസ് ജീവനക്കാരെയാണ് വിളിച്ചിരുന്നത്. ഒരുമാസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സരിതയും തമ്മില്‍ 72 തവണ ഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് തെളിവാണ്. സരിതയെ കണ്ടിട്ടില്ലെന്നും ശ്രീധരന്‍നായരെ ക്വാറിയുടമകള്‍ക്കൊപ്പമാണ് കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. സരിതക്കൊപ്പം ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കണ്ട 2013 ജൂലൈ ഒമ്പതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സരിത രണ്ടു ലക്ഷത്തിന്റെ ചെക്ക് കൈമാറിയതായി ശ്രീധരന്‍നായര്‍ പറഞ്ഞിരുന്നു.