ഇടനിലക്കാരുടെ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

Posted on: February 19, 2015 12:30 am | Last updated: February 19, 2015 at 12:30 am

തിരുവനന്തപുരം; റബര്‍ വിലത്തകര്‍ച്ച നേരിടാന്‍ കൊണ്ടുവന്ന പാക്കേജ് ഇടനിലക്കാര്‍ അട്ടിമറിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ആവശ്യമെങ്കില്‍ ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സംഭരണം ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
റബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന വിപണി വില റബര്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ വ്യാപാരികളുടെ യോഗം വിളിക്കും. സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജുമായി റബര്‍ വ്യാപാരികള്‍ സഹകരിക്കുമ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ലാഭം ഇടനിലക്കാര്‍ ചേര്‍ന്ന് തട്ടിയെടുക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി. രണ്ട് കമ്പനികള്‍ തനിക്ക് കത്തെഴുതിയിട്ടുണ്ട്.
റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വില പലപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇത് അംഗീകരിക്കാനാകില്ല. റബര്‍ വില നിരന്തരം താഴുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത ആശങ്കയുണ്ട്. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് പാര്‍ലിമെന്ററി സമിതി മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സി മുഖേന റബര്‍ നേരിട്ട് സംഭരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും.
റബര്‍ വ്യവസായികളുമായി രണ്ട് മാസം മുമ്പ് ചര്‍ച്ച നടത്തി സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. രാജ്യാന്തര വിപണി വിലയേക്കാള്‍ 20 ശതമാനം കൂട്ടി റബര്‍ ബോര്‍ഡ് എല്ലാ ദിവസവും വില പരസ്യപ്പെടുത്തണമെന്നും ആ വിലക്ക് വ്യാപാരികള്‍ റബര്‍ സംഭരിക്കണമെന്നുമായിരുന്നു പാക്കേജിലെ വ്യവസ്ഥ. വ്യാപാരികളുടെ കമ്മീഷന്‍ മൂന്ന് രൂപയില്‍ നിന്ന് 1.5 രൂപയായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി താത്കാലികമായി ഒഴിവാക്കാനും തീരുമാനിച്ചു.
പ്രതിവര്‍ഷം 130 കോടിയുടെ നഷ്ടമാണ് സര്‍ക്കാറിനു ഇതുവഴി ഉണ്ടാവുന്നത്. എന്നാല്‍ റബര്‍ ബോര്‍ഡ് പ്രസിദ്ധപ്പെടുത്തുന്ന വില ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച കിലോഗ്രാമിന് 134 രൂപ പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 124-125 രൂപ വരെ മാത്രമാണ്. സര്‍ക്കാര്‍ ഇത് ഗൗരവമായാണ് കാണുന്നത്.
വ്യാപാരികളുടെ ഈ നിലപാടിനെതിരെ രണ്ട് കമ്പനികള്‍ സര്‍ക്കാറിനെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഈ നിലതുടര്‍ന്നാല്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് കമ്പനികള്‍ മാറുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ യോഗം വിളിക്കുന്നത്. ആര്‍ എസ് എസ് 4 ഇനത്തില്‍പ്പെട്ട റബര്‍ സംഭരിക്കുന്നതിനാണ് വ്യവസായികളുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയത്. ആര്‍ എസ് എസ് 5 ഇനത്തില്‍പ്പെട്ട റബര്‍ സംഭരിക്കുന്ന കാര്യവും വ്യവസായികളുമായി ആലോചിക്കും.
വ്യവസായികള്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ റബര്‍ എല്ലാ ദിവസവും സംഭരിക്കാന്‍ ഇവര്‍ എത്തുന്നില്ല. ഈ സാഹചര്യമാണ് ഇടനിലക്കാര്‍ മുതലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ലുസംഭരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 19 രൂപ കുറയ്ക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുടിശ്ശിക നീണ്ടുപോകരുത് എന്ന പ്രത്യേക താല്‍പ്പര്യം കൊണ്ടാണ് രണ്ട് തവണയായി തുക നല്‍കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കിലോഗ്രാമിന് 13.60 രൂപ അനുസരിച്ചുള്ള തുക നല്‍കി. ബാക്കി 5.40 രൂപ പ്രകാരമുള്ള തുക രണ്ടാഴ്ചക്കുള്ളില്‍ നല്‍കും. പ്രഖ്യാപിച്ച വില കുറയ്ക്കുകയോ, കാലതാമസം വരുത്തുകയോ ചെയ്യുന്ന പ്രശ്‌നമില്ല. ഇക്കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കുകയും മറ്റുചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭരണ വില 20 രൂപയാക്കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. എന്നാല്‍ സബ്‌സിഡി ഇനത്തില്‍ ഇപ്പോള്‍ തന്നെ 300 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അത് വര്‍ധിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംഭരണവില വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.