Connect with us

Ongoing News

സിംബാബ്‌വെയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

Published

|

Last Updated

ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് സിംബാബ്‌വെ കീഴടങ്ങി. 62 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്കയുടെ 339 റണ്‍സെന്ന സ്‌കോറിന് മറുപടിയായി ഇറങ്ങിയ സിംബാബ്‌വെ 277 റണ്‍സ് നേടിയാണ് ഓള്‍ ഔട്ടായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തരക്കേടില്ലാത്ത പ്രകടനമാണ് സിംബാബ്‌വെ കാഴ്ചവച്ചത്.
ടോസ് നേടിയ സിംബാബ് വെ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 339 റണ്‍സെടുത്തത്. 21 ഓവറില്‍ 83 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും സെഞ്ച്വറി നേടിയ മില്ലറും ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 15ാം ഓവറിലാണ് ദ.ആഫ്രിക്ക 50 റണ്‍ തികച്ചത്. 9 സിക്‌സറും 7 ഫോറും നേടിയ മില്ലര്‍ 133 പന്തില്‍ 138 റണ്‍സെടുത്തു. ഡുമിനി 119 പന്തില്‍ 115 റണ്‍സെടുത്തു. മൂന്ന് സിക്‌സറുകളുടേയും ഒമ്പത് ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു ഇത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്കായി മസാകഡ്‌സ (80), ചിബാബ (64), ടെയ്‌ലര്‍ (40) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. മില്ലറാണ് കളിയിലെ കേമന്‍. പരിശീലന മത്സരത്തില്‍ ശ്രീലങ്കയെ സിംബാബ്‌വെ തോല്‍പ്പിച്ചിരുന്നു.

Latest