Connect with us

Wayanad

കടുവയെ വെടിവെച്ച് കൊല്ലും: വനം വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: വയനാട്ടില്‍ രണ്ട് പേരെ കൊന്ന കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് തീരുമാനിച്ചു. ആക്രമണകാരിയായ കടുവ നരഭോജിയായി മാറിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്.
ഇതിനായി തമിഴ്‌നാട് വനംവകുപ്പിന്റെയും പോലീസിന്റെയും സഹായം തേടും. മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ കടുവ വീണ്ടും ആക്രമണം നടത്തുമെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മയക്കുവെടിവെച്ച് തളക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്.
പാട്ടവയല്‍ ചോലക്കടവില്‍ ഒരു സ്ത്രീയെ കൂടി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കാനും കടുവയെ വെടിവെച്ച് കൊല്ലാനും തീരുമാനമെടുത്തത്. കഴിഞ്ഞദിവസം മുത്തങ്ങക്ക് അടുത്തുവെച്ച് 61 കാരനും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കടുവയെ കെണിയില്‍ കുടുക്കി കൂട്ടിലടക്കാനായിരുന്നു വനം വകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെടിവെച്ച് കൊല്ലുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. പ്രായധിക്യം കൊണ്ടോ എന്തെങ്കിലും രോഗമോ മുറിവോ കാരണമോ കടുവ ഇരതേടാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുമെന്നാണ് വന്യജീവി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഈ അവസ്ഥയിലാണ് കടുവകള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലെത്തി, മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളേയും ആക്രമിക്കുന്നത്.
കുമയൂണിലും, സുന്ദര്‍ബന്‍സിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കടുവയെ വെടിവെക്കാന്‍ തക്ക പരിശീലനമുള്ളവര്‍ വനംവകുപ്പില്‍ കുറവായതിനാല്‍ പുറത്ത് നിന്ന് ആളെ കൊണ്ടുവരുന്ന കാര്യവും ആലോചിക്കുന്നുണ്ട്.