Connect with us

Wayanad

കൃഷി വിജ്ഞാന്‍ കേന്ദ്രയെ ഉന്നതിയിലെത്തിച്ച് രാധമ്മ പിള്ള പടിയിറങ്ങി

Published

|

Last Updated

കല്‍പ്പറ്റ: കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തെ മികവിന്റെ ഉന്നതിയിലെത്തിച്ച് പ്രൊഫ. രാധമ്മ പിള്ള വിരമിച്ചു. 36 വര്‍ഷം നീണ്ട സര്‍വ്വീസിനിടയില്‍ 32 വര്‍ഷവും അമ്പലവയലിലാണ് ജോലി ചെയ്തത്. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്നും ബിരുദവും എം.വി.എച്ച്.ഇയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ രാധമ്മ ടീച്ചര്‍ 1978ല്‍ ജൂനിയര്‍ അസിസ്റ്റന്റായാണ് കാര്‍ഷിക സര്‍വ്വ കലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2002ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ കൃഷി വിജ്ഞാന കേന്ദ്രം മേധാവിയായി നിയമിതയായി. വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം കെ.വി.കെ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് രാധമ്മ പിള്ള.
നൂതനവും കാര്‍ഷിക സൗഹൃദവുമായ ആശയങ്ങള്‍ നടപ്പാക്കിയതിലൂടെ ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ നിരവധി സേവനങ്ങളാണ് രാധമ്മ പിള്ള നല്‍കിയത്. നെല്ലാറച്ചാലില്‍ സ്ഥാപിച്ച ജൈവ കീടാണു, കുമിള്‍ ബാക്ടീരിയ നിര്‍മ്മാണ യൂണിറ്റിലൂടെ നിരവധി ആദിവാസി പെണ്‍കുട്ടികള്‍ക്കാണ് സ്ഥിര വരുമാനം ലഭിച്ചത്. വൈദ്യുതി ഉപയോഗിച്ച് കോഴിമുട്ട വിരിയിക്കുന്ന സംവിധാനം, നെല്‍കൃഷിയിലെ യന്ത്ര വല്‍ക്കരണം, കാര്‍ഷിക കര്‍മ്മ സേനയുടെ പ്രവര്‍ത്തനം, കൂണ്‍ കൃഷിയിലെ നൂതന കണ്ടുപിടുത്തങ്ങള്‍ തുടങ്ങി രാധമ്മ പിള്ളയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയ്ക്കകത്തും പുറത്തും പ്രശംസയേറ്റു വാങ്ങി. മൃഗ സംഗക്ഷണ വകുപ്പ് ഡയറക്ടറായിരുന്ന അന്തരിച്ച ഡോ. കെഎസ് ജയറാം ആണ് ഭര്‍ത്താവ്. നിരഞ്ജന, ഡോ.അനുപമ, അഡ്വ. അരുണ്‍ ജയറാം എന്നിവര്‍ മക്കളാണ്.
അമ്പലവയല്‍ കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ പ്രൊ. രാധമ്മ പിള്ളയ്ക്ക് നല്‍കിയ യാത്രയയപ്പ് അസോ.ഡയറക്ടര്‍ ഡോ. പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സ്മിത രവി ഉപഹാരം നല്‍കി.ഡോ. രശ്മി വിജയ രാഘവന്‍, അബ്ദുല്‍ റഹ്മാന്‍, സി.ടി.ജേക്കബ്, സിബി തോമസ്, അബ്ദുള്‍ ജബ്ബാര്‍, പുരുഷോത്തമന്‍, ലിസി സക്കറിയ, കെ.വി. വത്സന്‍, ഡോ. അരുണ്‍ ഹര്‍ഷന്‍, ശകുന്തള, രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.