Connect with us

Kerala

കല്ലടി കോളജ് റാഗിംഗ്: കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി മൊഴി

Published

|

Last Updated

മണ്ണാര്‍ക്കാട്: എം ഇ എസ് കല്ലടി കോളജില്‍ നടന്ന റാഗിംഗില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി മൊഴി.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ മണ്ണാര്‍ക്കാട് സി ഐ. ബി അനില്‍കുമാറിന്റെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘം, മുഹ്‌സിന്‍ ചികിത്സയില്‍ കഴിയുന്ന കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്ന് പോകും. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയായ മലപ്പുറം ഒറ്റപ്പാലം ചുനങ്ങാട് ചേക്കുമുസ്‌ലിയാരകത്ത് വീട്ടില്‍ ഇബ്‌റാഹീമിന്റെ മകന്‍ മുഹമ്മദ് മുഹ്‌സിന് റാഗിംഗിനിടെ ക്രൂരമായി മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ റാഗിംഗില്‍ ഇവരെ കൂടാതെ രണ്ട് വിദ്യാര്‍ഥികള്‍കൂടിയുണ്ടെന്നാണ് പരുക്കേറ്റ മുഹ്‌സിന്റെയും സംഭവത്തില്‍ സാക്ഷികളായ വിദ്യാര്‍ഥികളുടെയും മൊഴി. പ്രതികളായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി മൂന്ന് സംഘങ്ങളായി അന്വേഷണ സംഘം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും ഒരു പ്രതിയെയും പോലീസ് പിടികൂടിയിട്ടില്ല.
അക്രമത്തില്‍ മുഹ്‌സിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും തലക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിസ്ഥാനത്തുള്ള എട്ട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ ശനിയാഴ്ച കോളജിലെത്തി പ്രിന്‍സിപ്പലിനെക്കണ്ട് തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് കാണിച്ച് നിവേദനം നല്‍കി. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

Latest