Connect with us

Palakkad

അട്ടപ്പാടിയില്‍ യുവാവിനെ കാട്ടാന ചവിട്ടികൊന്നു; മൃതദേഹവുമായി നാട്ടുകാര്‍ റോഡുപരോധിച്ചു

Published

|

Last Updated

അഗളി: പുളിയപ്പതിയില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു. ആനക്കട്ടി വട്ടലക്കി പുളിയപ്പതിയില്‍ ദ്വരസ്വാമിയുടെ മകന്‍ മാരിമുത്തു (33) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
കൃഷിസ്ഥലത്ത് എത്തിയ ഒറ്റയാനെ നാട്ടുകാര്‍ തുരത്തുന്നതിനിടെ പിന്തിരിഞ്ഞെത്തിയ കാട്ടാനയുടെ പിടിയില്‍ മാരിമുത്തു അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സം”വസ്ഥലത്തുതന്നെമരിച്ചു. മൃതദേഹം അഗളി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാരിമുത്തുവിന്റെ ഭാര്യ: ദേവി. മക്കള്‍: ഹരികൃഷ്ണന്‍, അനീഷ.
പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന കാട്ടാനയാക്രമണത്തില്‍ സര്‍ക്കാര്‍ അടിയന്തിരശ്രദ്ധ പതിപ്പിക്കണമെന്നും മരണംസംഭവിച്ച കുടുംബത്തിന് ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് സി പി ഐയുടെ നേതൃത്വത്തില്‍ മൃതദേഹം നടുറോഡില്‍ വച്ച് പ്രതിഷേധിച്ചു.
നാലുമണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. അഗളി സിഐ ദേവസ്യ, ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചര്‍ സുധീഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അനുരഞ്ജനശ്രമം നടത്തിയെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല.
ഡിഎഫ്ഒ സ്ഥലത്തെത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ രാജു തോമസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെടുകയും മരണംസംഭവിച്ച കുടുംബത്തിന് അഞ്ചുലക്ഷംരൂപ മന്ത്രി വാഗ്ദാനം ചെയ്യുകയും കാട്ടാനശല്യത്തിന് അടിയന്തിര നടപടികളുണ്ടാകുമെന്നും ഉറപ്പു നല്‍കിയതോടെ സമരക്കാര്‍ പിന്തിരിഞ്ഞു.
മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജന്‍, മറ്റു നേതാക്കളായ വി.ആര്‍. രാമകൃഷ്ണന്‍, ഈശ്വരീ രേശന്‍, സി. രാധാകൃഷ്ണന്‍, റോയ് ജോസഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.