Connect with us

Gulf

ഗൂഗിള്‍ സയന്‍സ് ഹബ് സ്വദേശി കുട്ടികള്‍ക്ക് പ്രചോദനമാവുന്നു

Published

|

Last Updated

റാസല്‍ ഖൈമ: ഗൂഗിള്‍ സയന്‍സ് ഹബ് വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള സ്വദേശി കുട്ടികള്‍ക്ക് പ്രചോദനമാവുന്നു. ദ സയന്‍സ് ടെക്‌നോളജി, എഞ്ചിനിയറിംഗ് ആന്‍ഡ് മാത്മാറ്റിക്‌സ് ഇന്നൊവേഷന്‍ ഹബാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. റാസല്‍ ഖൈമയിലെ ടീച്ചേഴ്‌സ് അസോസിയേഷന്‍ സെന്ററിലാണ് ഗൂഗിള്‍ സയന്‍സ് ഹബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായ മുഖ്യവിഷയങ്ങളില്‍ കുട്ടികള്‍ക്ക് താല്‍പര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഹബ് ആരംഭിച്ചിരിക്കുന്നത്. റോബോട്ടിക്‌സ്, 3ഡി പ്രിന്റിംഗ്, എയ്‌റോസ്‌പേസ് ടെക്‌നോളജീസ്, ഇലട്രോണിക്‌സ്, കംപ്യൂട്ടര്‍ കോഡിംഗ്, പ്രോഗ്രാമിംഗ്, ഗ്രീന്‍ എനര്‍ജി എന്നിവയെ അടിസ്ഥാനമാക്കി ഹബിന്റെ ഭാഗമായി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ശില്‍പശാലയും നടത്തി.

റാസല്‍ ഖൈമയിലെയും വടക്കന്‍ എമിറേറ്റിലെയും കുട്ടികള്‍ക്ക് ശാസ്ത്ര പഠനത്തിനായി പ്രത്യേക ഇടമാണ് ലക്ഷ്യമിടുന്നതെന്ന് ഗൂഗിള്‍ ഹബിനും ടീച്ചേഴ്‌സ് അസോസിയേഷനും തുടക്കമിട്ട അല്‍ ബെയ്ത് ബൈത് വാഹിദ് അസോസിയേഷന്‍ ചെയര്‍മാന്‍ സെയ്ഫ് അല്‍ ഖുബൈസി വ്യക്തമാക്കി. റാസല്‍ ഖൈമയിലെ വിദ്യാര്‍ഥികളെ ഹബ് വളരെ അധികം ആകര്‍ഷിക്കുന്നുണ്ട്. ഇവിടെ നിന്നു ശാസ്ത്ര പാഠങ്ങള്‍ പഠിക്കാന്‍ വലിയ ഉത്സാഹമാണുള്ളതെന്ന് 13 കാരിയായ അല്‍ ഉനൂദ് ബദര്‍ വ്യക്തമാക്കി. പഠനത്തിനായുള്ള ധാരാളം വസ്തുക്കള്‍ ഇവിടെയുണ്ടെന്നും ഊര്‍ജതന്ത്രത്തോട് കടുത്ത പ്രണയമുള്ള ഈ മിടുക്കി പറഞ്ഞു.
ഓരോ സെഷനിലും 20 കുട്ടികളെയും ഒപ്പം അധ്യാപകരെയും ഉള്‍ക്കൊള്ളാനാണ് ഹബില്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്. ഇത് അധികം വൈകാതെ മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അല്‍ ബെയ്ത് പ്രോഗ്രാം ഡയറക്ടര്‍ താല അല്‍ റമാഹി വെളിപ്പെടുത്തി. ദ സയന്‍സ് ടെക്‌നോളജി, എഞ്ചിനിയറിംഗ് ആന്‍ഡ് മാത്മാറ്റിക്‌സ് ഇന്നൊവേഷന്‍ ഹബിന്റെ ഭാഗമായി റാസല്‍ ഖൈമയിലെ സ്വദേശി വിദ്യാര്‍ഥികള്‍ക്കായി റോബോട്ടിക് മത്സരം സംഘടിപ്പിക്കുമെന്ന് അല്‍ ഖുബൈസി വ്യക്തമാക്കി. പ്രോഗ്രാമിംഗ്, രൂപകല്‍പന എന്നിവയെ അടിസ്ഥാനമാക്കിയാവും മത്സരമെന്നും അദ്ദേഹം പറഞ്ഞു.

Latest