Connect with us

Malappuram

സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ച് നാല് കുട്ടികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരുക്ക്

Published

|

Last Updated

മലപ്പുറം/പെരിന്തല്‍മണ്ണ: സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ച് നാല് വിദ്യാര്‍ഥിനികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരുക്ക്. സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ പ്രകോപിതരായ നാട്ടുകാര്‍ മൂന്ന് മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. മക്കരപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് നാല് പേരും.
മക്കരപ്പറമ്പ് കാപ്പാട്ട് വീട്ടില്‍ ഹനീഫയുടെ മകള്‍ നസ്രിയ(15), ആലുംപിലാക്കല്‍ സെയ്തലവിയുടെ മകള്‍ സുമയ്യ(14), തുരുവളളി അസീസിന്റെ മകള്‍ ഫാത്വിമ റിന്‍ഷ (13), കാച്ചിനിക്കാട് കാപ്പാട്ട് വീട്ടില്‍ അബ്ബാസിന്റെ മകള്‍ ഫര്‍സാന(14), ഓട്ടോ ഡ്രൈവര്‍ കരുവളളി അശ്‌റഫ്(45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മലപ്പുറം -പാലക്കാട് ദേശീയപാതയില്‍ മക്കരപ്പറമ്പ് കാച്ചിനിക്കാടില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന ത്രീ സ്റ്റാര്‍ ബസ് തൊട്ടുമുന്നിലെ കെ എസ് ആര്‍ ടിസി ബസിനെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. വിദ്യാര്‍ഥിനികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ഷിഫ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റൂട്ടിലെ ദീര്‍ഘദൂര ബസുകള്‍സര്‍വീസ് നിറുത്തിവെച്ചു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത് മീണ, ആര്‍ ടി. ഒ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പതിനൊന്ന് മണിയോടെയാണ് ഉപരോധ സമരം പിന്‍വലിച്ചത്. അമിതവേഗം തടയാന്‍ പ്രദേശത്ത് ഹമ്പുകള്‍ സ്ഥാപിക്കാന്‍ ധാരണയായി. സമരത്തെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് ഉച്ചയോടെയാണ് പരിഹരിക്കപ്പെട്ടത്. അപകടത്തിന് തൊട്ടുമുന്‍പ് രാമപുരത്തുവച്ച് ത്രീ സ്റ്റാര്‍ ബസിനെ നാട്ടുകാര്‍ പത്തുമിനിറ്റോളം തടഞ്ഞിട്ടിരുന്നു. തുടര്‍ന്ന് ഡ്രൈവറെ താക്കീത് ചെയ്താണ് വിട്ടത്. അമിതവേഗതയെ തുടര്‍ന്ന് മുമ്പ് നാലുതവണ ഇതേ ബസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വീതി കുറഞ്ഞ റോഡിലെ അമിതവേഗതയും അശ്രദ്ധയും മൂലം
പ്രദേശത്ത് വാഹനാപകടങ്ങള്‍ നിത്യസംഭവമാണ്. പ്രധാനമായുംസ്വകാര്യബസുകളും കാറുകളുമാണ് അപകടമുണ്ടാക്കുന്നത്. സ്പീഡ് ഗവേണറുകളുടെ പരിശോധന നിലച്ചതിനാല്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ബസുകളുടെ പാച്ചില്‍.
കഴിഞ്ഞ നവംബറില്‍ കെ എസ് ആര്‍ ടി സിയും കാറും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരും കാച്ചിനിക്കാട് ബസ് സ്റ്റോപ്പിലേക്ക് ബസിടിച്ച് കയറി ഒരാളും മരിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ പ്രദേശത്തുണ്ടാവുമ്പോഴും അമിതവേഗക്കാരെ പിടികൂടാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ബൈക്ക് യാത്രക്കാരെ തടഞ്ഞുനിറുത്തി പരിശോധിക്കുന്നത് ഒഴിച്ചുനിറുത്തിയാല്‍ വാഹനപരിശോധന തീര്‍ത്തും പ്രഹസനമാണ്.