Connect with us

International

എയര്‍ ഏഷ്യ: അപകട സമയത്ത് ക്യാപ്റ്റന്‍ സീറ്റിലുണ്ടായിരുന്നില്ലെന്ന്

Published

|

Last Updated

സിംഗപ്പൂര്‍/ജക്കാര്‍ത്ത/പാരീസ്: ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ക്യാപ്റ്റന്‍ പൈലറ്റ് അപകടം നടക്കുന്ന സമയത്ത് സീറ്റിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. സഹപൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പ്രധാന പൈലറ്റ് കോക്പിറ്റിലുണ്ടായിരുന്നില്ലെന്നത് അപൂര്‍വ സംഭവമാണ്. ശേഷം ഇദ്ദേഹം കോക്പിറ്റിലേക്ക് തിരിച്ചെത്തിയെങ്കിലും വിമാനത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുന്ന സമയം അതിക്രമിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ 28നാണ് എയര്‍ ഏഷ്യയുടെ എ320 വിമാനം ജാവ കടലില്‍ തകര്‍ന്നുവീണത്. ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാ മധ്യേയായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടിരുന്നത്.
വിമാനം തകരുന്നതിന്റെ മുമ്പായി കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തകരാര്‍ ഉള്ളപ്പോള്‍ തന്നെ ക്യാപ്റ്റന്‍ ഈ വിമാനം പറത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് എയര്‍ ഏഷ്യ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. സംഭവം അന്വേഷണപരിധിയിലായതുകൊണ്ടാണ് ഇതുസംബന്ധിച്ച് ഒന്നും പ്രതികരിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.

Latest