Connect with us

Malappuram

ഹെഡ് പോസ്റ്റോഫീസ് പബ്ലിക് റിലേഷന്‍ ഇന്‍സ്‌പെക്ടര്‍ തസ്തിക ഏഴ് വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്നു

Published

|

Last Updated

മഞ്ചേരി: ഹെഡ് പോസ്റ്റോഫീസിലെ പബ്ലിക് റിലേഷന്‍ ഇന്‍സ്‌പെക്ടര്‍ തസ്തിക ഏഴ് വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്നു. മഞ്ചേരി കച്ചേരിപ്പടി ഹെഡ്‌പോസ്റ്റോഫീസില്‍ പബ്ലിക് റിലേഷന്‍ ഇന്‍സ്‌പെക്ടറുടെ തസ്തിക ഏഴ് വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയാണ്.
മലപ്പുറം, കോഡൂര്‍, യൂണിവേഴ്‌സിറ്റി, തേഞ്ഞിപ്പലം, ചേലേമ്പ്ര, വാഴക്കാട്, മൊറയൂര്‍, അരീക്കോട്, നിലമ്പൂര്‍, എടവണ്ണ, മണിമൂളി, പൂക്കോട്ടുംപാടം, കരുവാരക്കുണ്ട്, പട്ടിക്കാട്, മേലാറ്റൂര്‍, ചെറുകര, പുലാമന്തോള്‍ എന്നീ പ്രദേശങ്ങളുള്‍ക്കൊള്ളുന്ന മഞ്ചേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസിലെ ഏക തസ്തികയാണ് തപാല്‍വകുപ്പിന്റെ അനാസ്ഥ കാരണം ഒഴിഞ്ഞു കിടക്കുന്നത്.
2007 വരെ സജീവമായിരുന് ഈ തസ്തികയിലെ ജീവനക്കാരന്‍ ഹയര്‍ സെലക്ഷന്‍ ഗ്രേഡ് പോസ്റ്റ്മാസ്റ്ററായി കോഴിക്കോട്ടേക്ക് സ്ഥലം മാറിയ ശേഷം പിന്നീടിവിടെ നിയമനം നടത്തിയില്ല. ഇടക്ക് ഒരാളെ നിയമിച്ചെങ്കിലും ഇയാളും സ്ഥാനക്കയറ്റം ലഭിച്ച് പോവുകയായിരുന്നു. തപാലാപ്പാസീലെ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുക, പത്രമാധ്യമങ്ങളുമായി ബന്ധപ്പെടുക, തപാല്‍ വകുപ്പിന്റെ കേസുകളും മറ്റും തീര്‍പ്പാക്കാന്‍ മുന്നിട്ടിറങ്ങുക, കത്തുകളും തപാലുരുപ്പടികളും യഥാസമയം പോസ്റ്റ്മാന്മാര്‍ ക്ലിയര്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് പി ആര്‍ ഐ പിയുടെ ജോലി. തപാല്‍ കേസുകളില്‍ കോടതിയുമായി നല്ല ബന്ധം തന്നെ ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നു.
നിയമനം നീളുന്നത് മൂലം മറ്റു ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. മാത്രമല്ല, തപാല്‍ വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ബന്ധത്തിന് അന്തരം വന്നിട്ടുണ്ട്. ഈ തസ്തികയിലേക്ക് പുതിയ നിയമനം തപാല്‍ വകുപ്പ് നടത്തുന്നില്ല. പകരം നിലവിലുള്ള ലോവര്‍ സെക്ഷന്‍ ഗ്രേഡ് കഴിഞ്ഞവരെയാണ് പരിഗണിക്കുന്നത്. യോഗ്യരായവരെ കിട്ടാനില്ലെന്നാണ് തപാല്‍ വിഭാഗം പറയുന്നത്. എന്നാല്‍ പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും യാത്ര ചെയ്യുകയും ചെയ്യേണ്ട ഈ ജോലിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകാത്തതും നിയമനം നീണ്ടുപോവാന്‍ കാരണമാകുന്നുണ്ട്. ക്ലറിക്കല്‍ പോസ്റ്റിലേക്കും പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കും മാത്രമാണ് നിലവില്‍ തപാല്‍വകുപ്പ് പുതിയ നിയമനം നടത്തുന്നത്.