Connect with us

International

ഉപാധികളുമായി ക്യൂബ; യു എസ് ബന്ധത്തില്‍ തുടക്കത്തിലേ കല്ലുകടി

Published

|

Last Updated

ഹവാനാ: പതിറ്റാണ്ടുകളുടെ അകല്‍ച്ച അവസാനിപ്പിച്ച് നയതന്ത്രബന്ധം ആരംഭിക്കാനിരുന്ന ക്യൂബയുടെയും അമേരിക്കയുടെയും ബന്ധത്തില്‍ തുടക്കത്തിലേ കല്ലു കടി. ബന്ധം സാധാരണ നിലയിലാക്കുന്നതിന് ക്യൂബ ഉപാധി വെച്ചതോടെയാണ് ഇത്. ക്യൂബക്ക് അവകാശപ്പെട്ടതും ഇപ്പോള്‍ അമേരിക്ക ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്വാണ്ടനാമോ നാവിക താവളം തിരികെ തരണമെന്നതാണ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ മുന്നോട്ട് വെച്ച പ്രധാന നിബന്ധന. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയില്‍ ഈ ദ്വീപിലാണ് ഉള്ളത്. ക്യൂബക്കെതിരെ ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം പൂര്‍ണമായി നിര്‍ത്തലാക്കണം. മാത്രമല്ല, ഇക്കാലം വരെയുണ്ടായ വ്യാപാര നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുകയും വേണമെന്നും റൗള്‍ കാസ്‌ട്രോ മുന്നോട്ടുവെച്ച നിബന്ധനയില്‍ പറയുന്നു. ഈ നിബന്ധനകള്‍ പാലിക്കാതെ ഒരു നയതന്ത്രബന്ധവും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. പൂര്‍ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിച്ചില്ലെങ്കില്‍ ഈ ശ്രമങ്ങള്‍ക്ക് ഒരര്‍ഥവുമില്ല- റൗള്‍ പറഞ്ഞു. കഴിഞ്ഞ മാസം 17നാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും റൗള്‍ കാസ്‌ട്രോയും ബന്ധത്തിലെ മഞ്ഞുരുക്കം പ്രഖ്യാപിച്ചത്. എംബസി തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു.
സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഊന്നിപ്പറഞ്ഞ റൗള്‍ കാസ്‌ട്രോ അതിര്‍ത്തി തുറക്കണമെന്നും ആവശ്യപ്പെടുന്നു. ഫിദല്‍ കാസ്‌ട്രോയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരവേലകള്‍ പൂര്‍ണമായി അവസാനിപ്പിക്കണം. ക്യൂബന്‍ വിമതരെ ഉപയോഗിച്ച് നടത്തിയ അട്ടിമറി ശ്രമങ്ങള്‍ തുറന്ന് സമ്മതിക്കണം. ഭാവിയില്‍ ഇത്തരം ശ്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ക്യൂബയില്‍ നിന്ന് ചാരന്‍മാരെ പൂര്‍ണമായി പിന്‍വലിക്കണം തുടങ്ങിയ നിബന്ധനകളാണ് റൗള്‍ കാസ്‌ട്രോ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഈ നീക്കത്തെ ബ്രസീല്‍, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, നിക്കരാഗ്വേ, വെനിസ്വേല തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രസിഡന്റുമാര്‍ ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത്. ഈ നിബന്ധനകള്‍ അമേരിക്കയെ പ്രകോപിപ്പിക്കുമെന്നുറപ്പാണ്.