Connect with us

International

സമാധാന ചര്‍ച്ചകള്‍ക്കിടെ ലിബിയയില്‍ വീണ്ടും സംഘര്‍ഷം; 18 മരണം

Published

|

Last Updated

ട്രിപ്പോളി: ലിബിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബെന്‍ഗാസിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലിബിയയില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ ലക്ഷ്യം വെച്ച് ജനീവയില്‍ പുതിയ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ലിബിയയിലെ സായുധ സംഘമായ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ലിബിയയുടെ നാഷനല്‍ ആര്‍മി ആക്രമണം നടത്തിവരികയാണ്. സിദ്‌റയിലെയും റാസ് ലനൂഫിലെയും എണ്ണ ഉത്പാദക കേന്ദ്രങ്ങള്‍ ആക്രമണത്തിന് ഇരയായിരുന്നു. ബന്‍ഗാസിയില്‍ ഇസ്‌ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് നേരെയും ലിബിയന്‍ സൈന്യം വ്യോമാക്രമണം നടത്തി. വിവിധ ആക്രമണങ്ങളിലായി 18 പേര്‍ കൊല്ലപ്പെട്ടെന്നും 44 പേര്‍ക്ക് പരുക്കേറ്റെന്നും ബന്‍ഗാസി മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം രാജ്യം വളരെ ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മെയ് മുതല്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളിലായി 1,000 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതിന് പുറമെ പതിനായിരത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു.

Latest