Connect with us

International

ഇറാഖില്‍ ഫ്‌ളൈ ദുബൈ വിമാനത്തിന് വെടിയേറ്റു; വിദേശ വിമാനങ്ങള്‍ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി

Published

|

Last Updated

ബഗ്ദാദ്: ബാഗ്ദാദിലെ സിറ്റി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന മുഴുവന്‍ വിദേശ വിമാനങ്ങളും റദ്ദ് ചെയ്തു. ഇറാഖിലെ ബഗ്ദാദില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ ഫ്‌ളൈ ദുബൈ വിമാനത്തിന് വെടിയേറ്റ സംഭവത്തെ തുടര്‍ന്നാണ് ഈ നടപടി. വിമാനത്തിന് നേരെ മൂന്നോ നാലോ ബുള്ളറ്റുകള്‍ തറച്ചതായും രണ്ട് യാ്രതക്കാര്‍ക്ക് നിസ്സാര പരുക്കേറ്റതായും ഇറാഖിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ആരാണ് വെടിവെച്ചതെന്നോ എവിടെ നിന്നാണ് വെടിവെപ്പുണ്ടായതെന്നോ ഇതുവരെയും വ്യക്തമായിട്ടില്ല. സംഭത്തെ തുടര്‍ന്ന് ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാന കമ്പനികളാണ് ആദ്യമായി സര്‍വീസുകള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് യു എ ഇയും സമാനമായ പ്രഖ്യാപനവുമായി രംഗത്തെത്തി. മറ്റു വിദേശ വിമാന കമ്പനികളും ഇതേ നടപടി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാഖ് സര്‍ക്കാര്‍ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുമായി ചേര്‍ന്ന് കടുത്ത നടപടികളാണ് കുറച്ച് മാസങ്ങളായി സ്വീകരിച്ചുവരുന്നത്. ഇവരുടെ ഭാഗത്തുനിന്നുള്ളതാകാം വിമാനത്തിന് നേരെയുള്ള ആക്രമണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സംഭവം പുറത്തുവന്ന ഉടനെ ആശങ്കയറിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.
വിമാനത്തിന് നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തില്‍ ഇറാഖിലെ സുരക്ഷാ സൈന്യം എല്ലാഭാഗങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാഖിലെ ബഗ്ദാദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെക്കുന്നതായി ഇത്തിഹാദ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അധികൃതരുമായി സംസാരിച്ച ശേഷം വീണ്ടും തീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിമാന കമ്പനികള്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേരുന്നുണ്ട്.
വിമാനത്താവളത്തിന്റെ മതിലിന് മറവില്‍ നിന്നുകൊണ്ടാണ് ലാന്‍ഡ് ചെയ്തുകൊണ്ടിരിക്കുന്ന വിമാനത്തിന് നേരെ ആക്രമി വെടിയുതിര്‍ത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറാഖ് സുരക്ഷാ വിഭാഗം വ്യക്തമാക്കി.

Latest