Connect with us

Wayanad

ആദിവാസി ഭവന നിര്‍മാണം പുതിയ സംവിധാനവും താളം തെറ്റുന്നു

Published

|

Last Updated

മാനന്തവാടി: ആദിവാസി ഭവന നിര്‍മാണത്തിനായി സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സംവിധാനം തുടക്കത്തില്‍ തന്നെ താളം തെറ്റുന്നു. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി തൊഴിലാളികളുടെ സൊസൈറ്റികള്‍ രൂപീകരിച്ച് ആദിവാസികളുടെ ഭവന നിര്‍മാണം സൊസൈറ്റികളെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പലപഞ്ചായത്തുകളും ഇതിന് വിരുദ്ധമായി ഭവന നിര്‍മാണം കരാറുകാരെ തന്നെ ഏല്‍പ്പിക്കാനാണ് താല്‍പര്യം കാണിക്കുന്നത്. സൊസൈറ്റികളില്‍ തൊഴിലാളികളില്ലെന്നും കരാറേറ്റെടുത്ത് പണി പൂര്‍ത്തിയാക്കാന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും ആരോപിച്ചാണ് പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ കരാര്‍ ജോലി പഴയ രീതിയില്‍ കരാറുകാര്‍ക്ക് തന്നെ നല്‍കാന്‍ ശ്രമിക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമപ്പഞ്ചായത്തും ഐ.എ.വൈ. പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തുമാണ് ഇപ്പോള്‍ പട്ടികവര്‍ഗ വകുപ്പിന് പുറമെ ആദിവാസികള്‍ക്കായുള്ള വീടുകള്‍ നിര്‍മിക്കാന്‍ ഫണ്ടനുവദിക്കുന്നത്. 2010 മുതല്‍ ജില്ലയില്‍ പണി പൂര്‍ത്തിയാവാത്ത മുവായിരത്തിലധികം വീടുകള്‍ ഉള്ളതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പ് വെള്ളമുണ്ട പഞ്ചായത്തിലെ പാലിയാണ കോളനിയില്‍ നിര്‍മാണം പാതിവഴിയിലുപേക്ഷിച്ച വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദിവാസികളെ മാത്രം ഉള്‍പ്പെടുത്തി ഭവന നിര്‍മാണത്തിനായി സൊസൈറ്റികള്‍ രൂപീകരിക്കാന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇതര വകുപ്പുകളുടെയും ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും യോഗം തീരുമാനിച്ചത്. ഇതുപ്രകാരം എല്ലാ പഞ്ചായത്തുകളിലും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസികളിലെ മുഴുവന്‍ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി സൊസൈറ്റികള്‍ രൂപീകരിക്കുകയും ഇതു രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്ത പഞ്ചായത്തുകളില്‍ സൊസൈറ്റികള്‍ക്ക് മാത്രമെ വീടുപണി നല്‍കാവൂ എന്ന വാക്കാല്‍ നിര്‍ദേശം മാത്രമാണ് പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആദിവാസി വീടുകളുടെ ഫണ്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോവുക. അതുകൊണ്ടുതന്നെ ആദിവാസി വീടിനായി മുന്‍കൈയെടുക്കുന്ന വാര്‍ഡ് അംഗത്തിന്റെ തീരുമാന പ്രകാരമാണ് പണി കരാര്‍ നല്‍കുക. സ്വകാര്യ വ്യക്തികളെ കരാര്‍ ഏല്‍പ്പിക്കുമ്പോള്‍ വാര്‍ഡ് അംഗത്തെ പലകരാറുകാരും വേണ്ട രീതിയില്‍ “തൃപ്തിപ്പെടുത്തും”. അതുകൊണ്ടുതന്നെ സൊസൈറ്റികള്‍ക്ക് പണി നല്‍കാന്‍ വാര്‍ഡ് അംഗങ്ങള്‍ താല്‍പര്യം കാണിക്കുന്നുമില്ല. ആദ്യമായി സൊസൈറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ വെള്ളമുണ്ട പഞ്ചായത്തില്‍ ഈ വര്‍ഷം അനുവദിച്ച 21 ആദിവാസി വീടുകളില്‍ എട്ടെണ്ണം മാത്രമാണ് സൊസൈറ്റിയെ ഏല്‍പ്പിച്ചത്. ഇതിന്റെ പ്രവൃത്തികള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോവുന്നത്. തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലൊന്നും സൊസൈറ്റികള്‍ക്ക് വീട് പണി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയും പണിയായുധങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും പുതിയ പദ്ധതി നടപ്പിലാക്കിയതാണ് തുടക്കത്തില്‍ തന്നെ മാതൃകാപരമാവേണ്ട പദ്ധതി താളംതെറ്റാനിടയാക്കിയതെന്നാണ് ആക്ഷേപമുയരുന്നത്.

---- facebook comment plugin here -----

Latest