Connect with us

Malappuram

നഞ്ചു കലക്കി പുഴയുടെ നെഞ്ച് കലക്കുന്നു ജില്ലയില്‍ അപകടകരമായ രീതിയില്‍ മീന്‍ പിടിത്തം വ്യാപകം

Published

|

Last Updated

വണ്ടൂര്‍: വേനല്‍ തുടങ്ങും മുമ്പെ ജലാശയങ്ങളില്‍ മത്സ്യ വേട്ട വ്യാപകമായി. പെട്ടെന്ന് മീന്‍പിടിക്കാന്‍ വളരെ അപകടരമായ രീതിയില്‍ നഞ്ചുകലക്കിയും തോട്ടപ്പൊട്ടിച്ചും ഷോക്കടിപ്പിച്ചുമുള്ള രീതികള്‍ വ്യാപിക്കുകയാണ്.

പഴയ കാലങ്ങളില്‍ തോടുകളും, മറ്റു തണ്ണീര്‍ത്തടങ്ങളിലെയും ജലം കോരിയൊഴിച്ചും, കൂടും വലയും ഉപയോഗിച്ചും കത്തികാണ്ട് വെട്ടിപിടിക്കുന്നതുമായ രീതിയിലായിരുന്നു മീന്‍പിടിച്ചിരുന്നത്. എന്നാല്‍ ഇരയെ കൊളുത്തിയ ചൂണ്ടയും വീശുവലയുമായി നടക്കുന്ന പഴയ മീന്‍പിടിത്തക്കാരല്ല ഇപ്പോഴത്തെ പ്രതികള്‍. അധ്വാനമേറെയുള്ള ആ രീതി പാടെ അന്യമാകുകയും എളുപ്പത്തില്‍ മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന പുതിയ തന്ത്രങ്ങള്‍ ജനജീവിതത്തിന് പോലും ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രധാന ജോലിയൊന്നുമല്ലാതെ വിനോദമായിട്ടാണ് മിക്ക സ്ഥലങ്ങളിലും ആളുകള്‍ മീന്‍ പിടിക്കുന്നത്.
ഇതിനായി മാരകമായ വിഷപദാര്‍ഥങ്ങളാണ് ഓരോ ദിവസവും തോടുകളിലും പുഴകളിലും മറ്റു ജലാശയങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ പുഴയില്‍ മീന്‍ പിടിക്കവെ കയ്യില്‍വച്ചു തോട്ട പൊട്ടി യുവാവിനു പരുക്കേറ്റു.
പള്ളിക്കുത്ത് വാലിയത്ത് അനില്‍കുമാറിനെ(40)യാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഇടതുകൈപ്പത്തി അറ്റ നിലയിലാണ്. പുഴയില്‍ മത്സ്യം പിടിക്കുന്നതിനിടെ ഇന്‍വെര്‍ട്ടറില്‍ നിന്ന് ഷോക്കേറ്റാണ് കഴിഞ്ഞ വര്‍ഷം കൂരാട് കൂളിപറമ്പ് പഞ്ചലി ആലിയുടെ മകന്‍ ഫൈസല്‍ (27) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കൂരാട് പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ഷേക്കേല്‍ക്കുകയായിരുന്നു.
ഇന്‍വര്‍ട്ടറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതെമാസത്തിലാണ് തിരുവാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ കോട്ടാല തോട്ടിലാണ് നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. തോട്ടില്‍ കലര്‍ന്ന വന്‍തോതിലുള്ള വിഷപദാര്‍ഥമാണ് സംഭവത്തിന് കാരണമായത്. മത്സ്യ വേട്ടക്കായി ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് പിന്നീട് തെളിഞ്ഞു. മീന്‍കൊല്ലികുരു വിഷക്കായ പൊടിച്ചുകൂട്ടിയും തുരിശ് കലക്കിയുമൊക്കെയാണ് മീന്‍പിടിക്കാനുപയോഗിക്കുന്ന പുതിയ രീതികളിലൊന്ന്.
ഇത് വെള്ളത്തിനും മണ്ണിനും കേടാണ്. കൂടാതെ പുഴകളിലെ മത്സ്യങ്ങള്‍ക്ക് പുറമെ മറ്റു ജീവികളുടെയും നാശത്തിന് കാരണമാകുന്നു. ജലാശയങ്ങളിലെ അമ്ലാംശം കൂടാനും. മത്സ്യങ്ങളില്‍ രോഗങ്ങള്‍ വ്യാപിക്കാനും കാരണമാകും. പുഴകളില്‍ “തോട്ടപൊട്ടിക്കല്‍ ” എന്ന പേരിലറിയപ്പെടുന്ന വലിയ സ്‌ഫോടനം നടത്തുന്നതാണ് മറ്റൊരു രീതി. പാറകള്‍ പൊട്ടിക്കാനുപയോഗിക്കുന്ന സോഡിയം നൈട്രേറ്റാണ് ഈ പ്രക്രിയയിലൂടെ ജലത്തിലൂടെ വ്യാപിക്കുന്നത്. ചിലയിടങ്ങളില്‍ നദീതീരങ്ങളിലെ വീടുകളില്‍ നിന്നു വൈദ്യുതി വയര്‍ വലിച്ചു ഷോക്കടിപ്പിച്ചും വ്യാപകമായ മീന്‍പിടിത്തം നടക്കുന്നു.പുഴയോടു ചേര്‍ന്നു വീടുകള്‍ ഇല്ലാത്തിടത്തു പോര്‍ട്ടബിള്‍ ജനറേറ്റര്‍ ഉപയോഗിച്ചും മീന്‍ പിടിക്കുന്നുണ്ട്. ഭക്ഷണാവശ്യത്തിനാണ് മനുഷ്യരും ഈ രീതിയില്‍ മത്സ്യം പിടിക്കുന്നത്. എന്നാല്‍ ഇവക്കുള്ളിലടങ്ങിയിരിക്കുന്ന വിഷം ജീവഹാനിവരെ വരുത്തുവിധം ഗൗരവമുള്ളതാണെന്ന് അധികമാര്‍ക്കും അറിയില്ല. ഇത്തരം മീന്‍പിടുത്തം നിയന്ത്രിക്കാനോ പരിശോധിക്കാനോ ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകാറില്ലെന്ന ആക്ഷേപവുമുണ്ട്.