Connect with us

National

നിയമനിര്‍മാണം: ഭരണ പ്രതിപക്ഷങ്ങള്‍ സഹകരിക്കണമെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: നിയമ നിര്‍മാണം സുഗമമാക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രവര്‍ത്തനക്ഷമമായ പരിഹാരമാര്‍ഗം കണ്ടെത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഹ്വാനം ചെയ്തു. സാധാരണ നിയമനിര്‍മാണങ്ങള്‍ക്ക് പോലും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഓര്‍ഡിനന്‍സുകളും അടിയന്തര എക്‌സിക്യൂട്ടീവ് ഉത്തരവുകളും പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് പരിമിതമായ അധികാരങ്ങളേയുള്ളൂവെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു. അനിതര സാധാരണ സാഹചര്യങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഭരണഘടന വ്യവസ്ഥചെയ്യുന്നുണ്ട്. എന്നാല്‍, സാധാരണ നിയമങ്ങള്‍ക്ക് ഈ വഴി ഒരിക്കലും ഉപയോഗിക്കരുതെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍വകലാശാലകള്‍, ഐ ഐ ടികള്‍, എന്‍ ഐ ടികള്‍ തുടങ്ങിയവയിലെ വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി. രാജ്യസഭയില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത ഇപ്പോഴത്തെ അവസ്ഥ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഒരു അവസ്ഥയില്‍ പരസ്പരം സ്വീകാര്യമായ പരിഹാരം കാണാന്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും കൂട്ടായി ആലോചിക്കണം. പ്രതിപക്ഷത്തിന് എതിര്‍ക്കാം, തുറന്ന് കാണിക്കാം, ആവശ്യമായ അംഗബലം ഉണ്ടെങ്കില്‍ തള്ളിക്കളയുകയുമാകാം. ലോക്‌സഭയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും സംസ്ഥാനങ്ങളിലൂടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും കൂട്ടായ ഉത്തരവാദിത്വമാണ് ഉള്ളതെന്ന് വിസ്മരിക്കരുത്- രാഷ്ട്രപതി പറഞ്ഞു. ഓര്‍ഡിനന്‍സുകളിലൂടെയും എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെയും ഭരണം നടത്തുന്ന ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രാഷ്ട്രപതി എന്ത് പറയുന്നു എന്ന ചോദ്യത്തിന്, ചര്‍ച്ചകളിലൂടെയും സംവാദത്തിലൂടെയും അഭിപ്രായഭിന്നത പരിഹരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ സന്നദ്ധരാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Latest