Connect with us

Malappuram

മലയോരത്തെ നടുക്കി തോട്ടം സൂപ്പര്‍വൈസറുടെ കൊലപാതകം

Published

|

Last Updated

കാളികാവ്: ചോക്കാട് നാല്‍പത് സെന്റില്‍ തോട്ടം സൂപ്പര്‍വൈസര്‍ ചെട്ട്യാറമ്മല്‍ സ്വദേശി അബ്ദു റഉൂഫ് കൊല്ലപ്പെട്ട സംഭവം ചോക്കാട് പ്രദേശത്തെ നടുക്കം മാറിയില്ല. മാവോയിസ്റ്റ് അക്രമണങ്ങളും അജ്ഞാതരായ ആയുധധാരികളുടെ പ്രത്യക്ഷപ്പെടലും ഇടക്കിടെയുണ്ടാകുന്ന പ്രദേശത്ത് വിജനമായ സ്ഥലത്ത് എസ്റ്റേറ്റ് മേല്‍ നോട്ട ജോലി നടത്തുന്നയാള്‍ കൊല്ലപ്പെട്ടന്നറിഞ്ഞത് പലരേയും ആശങ്കയിലാക്കി.
കൊലപാതകത്തിന് പിന്നില്‍ ആദിവാസികളാണെന്ന വിവരം ആദ്യം ആര്‍ക്കും വിശ്വസിക്കാനായില്ല. ഇതിന് തൊട്ടടുത്ത പ്രദേശമായ ടി കെ കോളനി ഭാഗത്താണ് കഴിഞ്ഞ വര്‍ഷം അജ്ഞാതരായ ആയുധധാരികള്‍ വനം ജീവനക്കാര്‍ക്ക് നേരെ വെടിയുയര്‍ത്തിയത്. അത്‌കൊണ്ട് തന്നെ സംഭമറിഞ്ഞതോടെ വിദൂര പ്രദേശങ്ങളിലുള്ളവര്‍ പോലും ചോക്കാട്ടേക്ക് നിരന്തരം ഫോണ്‍വിളിച്ച് അന്വേഷണം തുടങ്ങി. എന്നാല്‍ വൈകാതെ സംഭവത്തിന് പിന്നില്‍ തോട്ടത്തില്‍ വഴി നടക്കുന്നതിനെ ചൊല്ലിയും മോഷണ ആരോപണവുമായി ബന്ധപെട്ട തര്‍ക്കവുമാണെന്നറിഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.
രാത്രിയോടെ തന്നെ സംഭവവുമായി ബന്ധപ്പെട്ട് നാല്‍പത് സെന്റ് കോളനിയിലെ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാവിലെയോടെ നാരായണന്‍, ഗോപകുമാര്‍, രാഹുല്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ സൈന്റിഫിക് അസിസ്റ്റന്റ് കെ കെ രമ്യയുടെ നേതൃത്വത്തില്‍ സംഭവം നടന്ന നാല്‍പത് സെന്റിലെ കോട്ടമ്മല്‍ എസ്‌റ്റേറ്റില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
മരിച്ച റഊഫ് അഞ്ച് വര്‍ഷത്തോളമായി കോട്ടമ്മല്‍ എസ്റ്റേറ്റില്‍ ജീവനക്കാരാണ്. നേരത്തേ ഇവിടെ നാല്‍പത് സെന്റില്‍തന്നെ താമസിച്ചാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ വണ്ടൂരില്‍ നിന്നും വന്ന് പോകുകയാണ്. വെള്ളിയാഴ്ച വീട്ടിലേക്ക മടങ്ങി പോകാനൊരുങ്ങുന്നതിനിടയിലാണ് സംഭവം. മരിച്ച റഊഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് നാലോടെ വണ്ടൂര്‍ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.