ജീവിച്ചിരിക്കെ മരണങ്ങള്‍

Posted on: January 17, 2015 4:28 am | Last updated: January 16, 2015 at 8:30 pm

perumal murugan‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന നിഷ്ഠൂരമായ ചോദ്യത്തിനു മുമ്പില്‍ പെരുമാള്‍ മുരുകന്‍, കഴുത്തില്‍ തല ഉറപ്പിച്ചു നിര്‍ത്താനായി മൗനം തിരഞ്ഞെടുക്കുന്നു. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം, മൗനമെന്നത് മരണമാണ്. അതു തെയാണ് തമിഴ് എഴുത്താളറായ പെരുമാള്‍ മുരുകന്‍ പറയു ന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം ഇപ്രകാരമെഴുതുന്നു. നന്‍പര്‍കളേ(സുഹൃത്തുക്കളേ), കീഴ് വരും അറിക്കൈ ഇരണ്ടു നാട്കളുക്കു ഇന്ത മുകനൂലില്‍ ഇരുക്കും(താഴെയെഴുതുന്ന അറിയിപ്പ് ഈ ഫേസ്ബുക്ക് പേജില്‍ രണ്ടു ദിവസം കൂടിയേ ഉണ്ടാവുകയുള്ളൂ). ലോകം കണ്ട ഏറ്റവും മികച്ച നിരീശ്വരവാദിയായ നേതാവ് പെരിയാര്‍ ഇ വി രാമസ്വാമിയുടെ സ്വന്തം തമിഴകത്താണ് ഈ ദുരവസ്ഥ എന്നോര്‍ക്കണം. പെരുമാള്‍ മുരുകന്‍ എന്ന എഴുത്താളര്‍ ഇന്ന് ജീവിച്ചിരിക്കുന്നില്ല. അയാള്‍ മരിച്ചു പോയിരിക്കുന്നു. (എഴുത്താളര്‍ പെരുമാള്‍ മുരുകന്‍ ശെത്തുവിട്ടാര്‍) അയാള്‍ കടവുള്‍(ദൈവം)അല്ലാത്തതിനാലും അയാള്‍ മറുപിറവി(പുനര്‍ജന്മം)യില്‍ വിശ്വസിക്കാത്ത ആളായതുകൊണ്ടും ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമില്ല. പെ മുരുകന്‍ എന്ന സാധാരണ ആള്‍ അധ്യാപകനായി ജോലി ചെയ്ത് ആരുമറിയാതെ ജീവിച്ചിരിക്കുന്നതാണെന്നും അയാളാണ് പെരുമാള്‍ മുരുകനു വേണ്ടി ഈ പോസ്റ്റിടുന്നതെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മധോരുഭഗന്‍ (അര്‍ധനാരീശ്വരന്‍) എന്ന തന്റെ നോവലിനെതിരെ ഹിന്ദു തീവ്രവാദികളും ചില ജാതി സംഘടനകളും നടത്തിയ അക്രമാസക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന്, സ്വന്തം നാടായ നാമക്കല്ലില്‍ താമസിച്ച് അവിടെയുള്ള സര്‍ക്കാര്‍ ആര്‍ട്‌സ് കോളജില്‍ തമിഴ് പ്രൊഫസറായി ജോലി ചെയ്യാന്‍ ആവില്ലെന്ന സ്ഥിതി സംജാതമായപ്പോഴാണ് ഈ അസാധാരണ ആത്മഹത്യാക്കുറിപ്പ് പെരുമാള്‍ മുരുകന്‍ എഴുതി പ്രസിദ്ധീകരിച്ചത്.
ആത്മഹത്യ ഒരു കുറ്റകൃത്യമല്ലാതാക്കി മാറ്റുന്ന നിയമനിര്‍മാണം ഇന്ത്യയില്‍ നടപ്പിലാകാന്‍ പോകുന്ന പശ്ചാത്തലത്തിലാണ്, സാധാരണക്കാരനായി ജീവിക്കാന്‍ വേണ്ടി തന്നിലെ എഴുത്താളറെ കൊല്ലുകയോ അഥവാ ആ എഴുത്താളര്‍ ആത്മഹത്യ ചെയ്യുകയോ ആണ് എന്ന തീരുമാനം പെരുമാള്‍ മുരുകന്‍ പ്രഖ്യാപിക്കു ന്നത്. താനെഴുതിയ നാലു നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും ഇതോടെ പിന്‍വലിക്കുകയാണ്. അവയുടെ പ്രസിദ്ധീകരണത്തിനായി കാലച്ചുവട്, നാട്രിനയ്, അടൈയാളം, മാലൈകള്‍, കായല്‍ കവിന്‍ എന്നീ പ്രസിദ്ധീകരണസ്ഥാപനങ്ങള്‍ക്ക് ചെലവായ കാശ് താന്‍ തിരിച്ചു നല്‍കാമെന്നും, പുസ്തകങ്ങള്‍ കൈവശമുള്ള വായനക്കാര്‍ അത് നശിപ്പിക്കണമെന്നും ആവശ്യമുള്ളവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ലോക സാഹിത്യ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണ് ഈ മരിച്ചിട്ടും മരിക്കാതെ ജീവിക്കുന്ന, അല്ലെങ്കില്‍ ജീവിച്ചിട്ടും ജീവിക്കാതെ മരിക്കുന്ന പെരുമാള്‍ മുരുകന്‍ സ്വയം സൃഷ്ടിച്ചിരിക്കുന്നത്. എന്തിന് അദ്ദേഹമെഴുതിയതും പിന്‍വലിച്ചതുമായ പുസ്തകങ്ങള്‍ വായിക്കണം? താന്‍ ജീവിച്ചിരിക്കുന്ന അഥവാ മരിച്ചുപോയ കാലത്തെ, ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം കാവ്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഫേസ്ബുക്കിലെഴുതാന്‍ കടലാസിലേതുപോലെ മഷി ആവശ്യമില്ല. പക്ഷെ, ഈ പോസ്റ്റില്‍ മഷി ഉപയോഗിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ രക്തം തെന്നയാണ് അത്.
2010ലാണ് മധോരുഭഗന്‍ പുറത്തിറങ്ങിയത്. ആ വര്‍ഷത്തില്‍ തന്നെ സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ഈ നോവല്‍ പരിഗണിക്കപ്പെട്ടിരുന്നു. അനിരുദ്ധന്‍ വാസുദേവന്‍ ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ- വണ്‍ പാര്‍ട് വുമന്‍ – തയ്യാറാക്കിയിട്ടുണ്ട്. അത് പെന്‍ഗ്വിന്‍ 2013ല്‍ പ്രസിദ്ധീകരിച്ചു. തര്‍ജുമക്കുള്ള കാനഡ ലിറ്റററി ഗാര്‍ഡന്‍ അവാര്‍ഡ് ഈ പുസ്തകത്തിന് ലഭിച്ചു. വാസുദേവന്‍, ടൊറന്റോവില്‍ നടന്ന ചടങ്ങില്‍ 2014 ജൂലൈയില്‍ ഇത് ഏറ്റുവാങ്ങുകയും ചെയ്തു. പുത്രഭാഗ്യം സിദ്ധിക്കാത്ത ദമ്പതികളുടെ കഥയാണിത്. ഭര്‍ത്താവിന്റെ സമ്മതപ്രകാരം, മറ്റൊരാളില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന ഭാര്യയാണ് കഥയിലുള്ളത്. ഇത് ഹിന്ദുധര്‍മത്തില്‍ നിലവിലുള്ളതാണെ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയോഗധര്‍മം എന്നാണിതിന്റെ പേര്. മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസറായ എ ആര്‍ വെങ്കടാചലപതി ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മഹാഭാരതത്തില്‍, സത്യവതി തന്റെ മകനായ വ്യാസനോട് സഹോദരനായ വിചിത്രവീര്യന്റെ വിധവകള്‍ക്ക് സന്താനഭാഗ്യമുണ്ടാകുന്നതിനായി നിയോഗയിലേര്‍പ്പെടാന്‍ ആവശ്യപ്പെടുുണ്ട്. വിചിത്രവീര്യന്റെ വിധവകളായ അംബയും അംബാലികയും പോരാഞ്ഞ് വേലക്കാരിയുമാണ് യഥാക്രമം ധൃതരാഷ്ട്രരെയും പാണ്ഡുവിനെയും വിദുരരെയും പ്രസവിക്കുന്നത്. പാണ്ഡുവിന്റെ പ്രേരണപ്രകാരം, അദ്ദേഹത്തിന്റെ ഭാര്യമാരായ കുന്തിയും മാദ്രിയും ‘ദൈവങ്ങ’ളുമായി നിയോഗയിലേര്‍പ്പെട്ടാണ് പഞ്ചപാണ്ഡവന്മാര്‍ ജനിക്കുന്നത്.
1996ല്‍ എം എഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ ചിത്രങ്ങള്‍ ഇരുപതു വര്‍ഷത്തിനു ശേഷം വിവാദമാക്കപ്പെടുകയും അഹമ്മദാബാദിലെ അദ്ദേഹത്തിന്റെ ഗ്യാലറി ഹിന്ദു ഫാസിസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു. ഈ വിവാദവും ആക്രമണവും കൊടുമ്പിരിക്കൊണ്ടതിനെ തുടര്‍ന്ന് എം എഫ് ഹുസൈന് ഇന്ത്യ തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് മരണം വരെയും അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് കാലു കുത്താനേ ആയില്ല. ഈ ഗതി തനിക്കും വരും എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് പെരുമാള്‍ മുരുകന്‍ തന്റെ ഭൗതിക ശരീരവും അതിലെ ജീവന്റെ തുടിപ്പും നിലനിര്‍ത്താനായി കേഴുന്നത്. മധോരുഭഗനെതിരായ ഫാസിസ്റ്റുകളുടെ ആക്രമണം രൂക്ഷമായപ്പോള്‍, തമിഴ്‌നാട് മുര്‍പ്പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍ സംഘവും(പുരോഗമന സാഹിത്യ കലാ സംഘം) തമിഴ്‌നാട് മാനില കോഗ്രസ് കമ്മിറ്റി നേതാവ് ഇ വി കെ എസ് ഇളങ്കോവനും പെരുമാള്‍ മുരുകന് പിന്തുണയുമായി വന്നു. ജയമോഹനടക്കമുള്ള നിരവധി എഴുത്തുകാരും അദ്ദേഹത്തെ പിന്തുണച്ചു. എന്നാല്‍, തമിഴക രാഷ്ട്രീയത്തെയും ജീവിതത്തെയും മുഴുവനായി നിയന്ത്രിക്കുന്ന ഇരു ദ്രാവിഡ കക്ഷികളും(തി മു ക, അ തി മു ക) ഒരക്ഷരം മിണ്ടാതെ സുരക്ഷിത സ്ഥാനത്ത് ഒളിച്ചിരിക്കുകയാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും മറ്റും ചരിത്രമുണ്ടെങ്കിലും പുരോഗമനപരമായ സാമൂഹിക വീക്ഷണവും മതാധിപത്യത്തോടും യാഥാസ്ഥിതികത്വത്തോടും എതിരിടുന്നതുമായ ഒരു ആശയഗതിയാണ് ഈ രണ്ടു കക്ഷികളും പിന്തുടരാറുള്ളത്. സാഹിത്യകാരനും തിരക്കഥാകൃത്തും മികച്ച പ്രഭാഷകനും എല്ലാമെല്ലാമായ തി മു ക പ്രഥമന്‍ മു കരുണാനിധി ഒരക്ഷരം മിണ്ടിയിട്ടില്ല. അ തി മു ക നേതാവ് ജയലളിതയാകട്ടെ അനധികൃത സ്വത്തു സമ്പാദനത്തിന് ശിക്ഷ ഏറ്റുവാങ്ങിയതിനു ശേഷം ഒരു കാര്യത്തിലും പ്രതികരിച്ചിട്ടില്ല. കാഞ്ചി കാമകോടി മഠാധിപതിയെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച മുഖ്യമന്ത്രിയായിരുന്നു ജയലളിത എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇപ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു.
സര്‍ക്കാര്‍ സംവിധാനത്തിന്റെ നിലപാടാണ് ഏറ്റവും വിചിത്രവും സര്‍ഗാത്മകവിരുദ്ധവുമായി പരിണമിച്ചത്. നാമക്കല്ലില്‍ നടന്ന നാലു മണിക്കൂര്‍ നീണ്ടുനിന്ന ‘സമാധാന യോഗ’ത്തിന്റെ അവസാനം, അക്രമം മുന്നോട്ടു വെച്ചവരുടെ ആവശ്യം കലക്ടര്‍ അംഗീകരിക്കുകയും പെരുമാള്‍ മുരുകനെക്കൊണ്ട് മാപ്പെഴുതി വാങ്ങുകയും പുസ്തകം പിന്‍വലിക്കാമെന്ന് സമ്മതിപ്പിക്കുകയുമായിരുന്നു. മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ പ്രതിനിധിയും അധികാര നിര്‍വഹണത്തിന് ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനും ആയ കലക്ടര്‍ ഇപ്രകാരം പെരുമാറിയാല്‍, പിന്നെ നീതിന്യായ വ്യവസ്ഥക്കും ഭരണഘടനക്കും എന്ത് സാംഗത്യമാണുള്ളത്? സി പി എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, പൊള്ളയായ ഈ കരാറിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. പെരുമാള്‍ മുരുകനെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ജില്ലാ ഭരണകൂടം അദ്ദേഹത്തിനെ അക്രമികള്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറേ മേഖലയില്‍ നിര്‍ണായക വോട്ടു ബേങ്കായി മാറിയിട്ടുള്ള കൊങ്കു വെള്ളാളര്‍ സമുദായത്തിന്റെ ജാതി അധീശത്വവും ഹിന്ദുത്വക്കാര്‍ക്കൊപ്പം പെരുമാള്‍ മുരുകന് എതിരായി തിരിഞ്ഞു. അതുകൊണ്ടുകൂടിയാണ് ദ്രാവിഡ കക്ഷികള്‍ മിണ്ടാത്തതെന്നാണ് വിടുതലൈ ചിരുത്തൈകള്‍ കക്ഷി നേതാവ് ഡി രവികുമാറിന്റെ അഭിപ്രായം. നാമക്കല്‍ ഭാഗത്ത് പടര്‍ന്നു പന്തലിച്ചിട്ടുള്ള സ്വാശ്രയ വിദ്യാഭ്യാസ മാഫിയക്കെതിരായി നിരന്തരം ശബ്ദിച്ചു വന്നിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു പെരുമാള്‍ മുരുകന്‍. നാമക്കല്ലിലെ പേരു കേട്ട ഇറച്ചിക്കോഴികള്‍ക്കും കോഴിമുട്ടകള്‍ക്കും പുറമെ എന്‍ജിനീയര്‍മാരായി ത്തീരുന്ന ഇറച്ചിക്കോഴി കുട്ടികളെ കൂട്ടം കൂട്ടമായി നിര്‍മിക്കുന്ന ഈ വിദ്യാഭ്യാസ മാഫിയക്കു പുറകിലുള്ളതും ഇതേ ജാതി മേധാവിത്തമാണ്. പോരാത്തതിന്, അവസാനമെഴുതിയ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത് അടുത്തിടെ മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ധര്‍മപുരിയില്‍ കൊല്ലപ്പെട്ട ദളിത് യുവാവ് ഇളവരശനാണ്. ഇതൊക്കെയും പെരുമാള്‍ മുരുകനെ നിശ്ശബ്ദനാക്കുന്നതിന് പ്രബലരെ പ്രേരിപ്പിച്ചിട്ടുണ്ടാവും.
കോയമ്പത്തൂര്‍, ഈറോഡ്, സേലം, കരൂര്‍, തിരുപ്പൂര്‍ എന്നീ ജില്ലകളടങ്ങിയ പടിഞ്ഞാറന്‍ തമിഴ് നാടിനെയാണ് കൊങ്കു നാട് എന്നു വിളിക്കുന്നത്. കൃഷിയും വ്യവസായവും (തമിഴില്‍ കൃഷിക്ക് വ്യവസായം എന്നാണ് പറയുന്നത്, ഇത് ഇന്‍ഡസ്ട്രിയെ ഉദ്ദേശിച്ച്) നിറയുന്ന അധ്വാനശീലരായ കൊങ്കു നാടിന്റെ തനതായ സംസ്‌കാരവും ഭാഷാഭേദവും ആഴത്തില്‍ പഠനവിധേയമാക്കിയ ഗവേഷകനും അധ്യാപകനും എഴുത്തുകാരനുമാണ് പെരുമാള്‍ മുരുകന്‍. ബെംഗളൂരുവിലുള്ള ഇന്ത്യാ ആര്‍ട് ഫൗണ്ടേഷന്റെ പശ്ചാത്തലഗവേഷണത്തിനുള്ള ഗ്രാന്റിനര്‍ഹനായ അദ്ദേഹം, ഈ പഠനത്തില്‍ നിന്നു ലഭിച്ച വിവരങ്ങളടക്കം ഉപയോഗപ്പെടുത്തിയാണ് നോവലുകള്‍ പൂര്‍ത്തിയാക്കിയത്. കൊങ്കു നാടിലെ തമിഴ് ഭാഷാ പ്രയോഗങ്ങളുടെ ഒരു നിഘണ്ടുവും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. പതിനേഴു വര്‍ഷത്തെ പ്രയത്‌നത്തെത്തുടര്‍ന്നാണ് ഈ നിഘണ്ടു പൂര്‍ത്തിയാക്കിയത്. തഞ്ചാവൂര്‍, തിരുനെല്‍വേലി പ്രദേശങ്ങളിലെ ഗ്രാമീണ ജീവിതവും ചെന്നൈയിലെ നഗരജീവിതവുമാണ് ആധുനിക തമിഴ് സാഹിത്യത്തിലെ മുഖ്യ പശ്ചാത്തലം. ആ സന്ദര്‍ഭത്തിലാണ് ഈ യുവ എഴുത്തുകാരന്റെ നോവലുകളിലും കഥകളിലും കൊങ്കു നാടിന്റെ സങ്കീര്‍ണമായ സംസ്‌കാരവും ചരിത്രവും കടന്നുവന്നത്.
മധോരുഭഗന്റെ പ്രസാധകരായ കാലച്ചുവടിന്റെ അധികാരി കണ്ണന്‍ (പ്രസിദ്ധ നോവലിസ്റ്റ് സുന്ദര രാമസ്വാമിയുടെ മകന്‍) മാര്‍ടിന്‍ ലൂതര്‍ കിംഗിനെ ഉദ്ധരിച്ചു കൊണ്ട് ഇപ്രകാരം പറയുന്നു: ‘അക്രമത്തിന്റെ അസാന്നിധ്യം മാത്രമല്ല സമാധാനം എന്നു പറയുന്നത്; മറിച്ച് നീതിയുടെ സാന്നിധ്യം കൂടിയാണ്.’ നാമക്കല്ലില്‍ സമാധാനമുണ്ടാവും പക്ഷേ, നീതിയില്ല.