Connect with us

Ongoing News

വ്യവസായ പാര്‍ക്കുകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണം ഒഴിവാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന വ്യവസായ പാര്‍ക്കുകളിലും ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്ത് കളയുന്നു. ഇവിടങ്ങളിലെ കെട്ടിട നിര്‍മാണ അനുമതിയും കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള അധികാരവും ഈ പാര്‍ക്കുകള്‍ക്ക് തന്നെ നല്‍കും. ഇവിടങ്ങളില്‍ തുടങ്ങുന്ന യൂനിറ്റുകളെ തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും. ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ സമഗ്ര തൊഴില്‍ പ്രദാന ദൗത്യം പദ്ധതിയിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. പദ്ധതി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സംരംഭകരുടെ അവകാശം സംരക്ഷിക്കാന്‍ ഉതകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് മറ്റൊരു ശിപാര്‍ശ. പരമാവധി സംരംഭങ്ങള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രതേ്യക സഹായം നല്‍കുകയും വേണം.

മലിനീകരണം ഇല്ലാത്ത വ്യവസായങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കണം. അനുമതി ആവശ്യമായതും അല്ലാത്തതുമായ സംരംഭങ്ങള്‍ സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ഭേദഗതി വരുത്തണം. സേവന വ്യവസായം, 10-ല്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന ഐ ടി/ഐ ടി ഇ എസ് എന്നിവയെ മലിനീകരണ നിയന്ത്രണ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും. മേല്‍പറഞ്ഞ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു കമ്പനി രൂപവത്കരിക്കും. 25 മുതല്‍ 50 കോടി വരെയാണ് ഇതിന്റെ പ്രാഥമിക മൂലധനം. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ഈ കമ്പനി വഴി നടപ്പാക്കണം.
കമ്മ്യൂണിറ്റി സ്‌കില്‍ കോളജുകള്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കണം. ആ പ്രദേശത്തിന് ആവശ്യമായ രീതിയിലുള്ള നൈപുണ്യം വികസിപ്പിച്ചെടുക്കാന്‍ പ്രതേ്യക ഊന്നല്‍ നല്‍കും. രണ്ടോ മൂന്നോ പ്രാക്റ്റിക്കല്‍ ട്രെയിനിംഗ് സെന്ററുകളും തുടങ്ങുന്നതാണ്. ഹൈസ്‌കൂള്‍ തലം മുതല്‍ സംരംഭകത്വ കോഴ്‌സുകള്‍ തുടങ്ങുന്നതാണ്. തൊഴില്‍ വകുപ്പിനെ തൊഴില്‍ നൈപുണ്യ സംരംഭകത്വ വകുപ്പായി പുനര്‍നാമകരണം ചെയ്യും. കാര്‍ഷിക അനുബന്ധ മേഖലകളില്‍ സാങ്കേതികവിദ്യയ്ക്ക് പരമാവധി ഊന്നല്‍ നല്‍കുന്നതാണ്. ഇതിനായി മോഡല്‍ ഹൈടെക് ഗ്രീന്‍ വില്ലേജ് പദ്ധതി ആരംഭിക്കും. തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ വീടുകളില്‍ റൂഫ്‌ടോപ് സോളാര്‍ പാനലുകള്‍, മഴനീര്‍ക്കൊയ്ത്ത്, മാലിന്യസംസ്‌കരണം എന്നിവക്ക് സഹായം നല്‍കും.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രധാന പ്രതിസന്ധി അവയ്ക്കാവശ്യമായ കൊളാറ്ററല്‍ സെക്യൂരിറ്റി ലഭിക്കുന്നില്ല എന്നതാണ്. ഇതിന് പരിഹാരമായി 20-30 കോടിയുടെ ക്രഡിറ്റ് ഗ്യാരണ്ടി ഫണ്ട് രൂപവത്കരിക്കുന്നതാണ്. എല്ലാ ജില്ലകളിലും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആരംഭിക്കും. എല്ലാ താലൂക്കിലും/ബ്ലോക്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്‍ക്യുബേറ്റര്‍ തുടങ്ങും.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഇതിനായി വിനിയോഗിക്കാവുന്നതാണ്. റിവോള്‍വിങ് ഫണ്ടായി സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. ഇന്‍ക്യുബേറ്ററുകളും മറ്റും സ്ഥാപിക്കാനായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളില്‍ നിന്ന് സംസ്ഥാനത്തിന് ഫണ്ട് ലഭ്യമാക്കുന്നതിന് ദൗത്യസംഘത്തെ നിയോഗിക്കും.
സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കെഎഫ്‌സി/ഡിഐസി, കുടുംബശ്രീ എന്നിവരെ ചുമതലപ്പെടുത്തും.
ആസൂത്രണ ബോര്‍ഡ് നിയോഗിച്ച ഉപസമിതിയുടെ ശിപാര്‍ശകള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കൃഷി, ഭക്ഷ്യസംസ്‌കരണം – ടി ശിവദാസമേനോന്‍, നിലവിലുള്ള തൊഴില്‍ പദ്ധതികളുടെ പുനരാവിഷ്‌കരണം – ഡോ. അനുരാധ ബലറാം, ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍ – അരുണ സുന്ദരരാജന്‍, സ്വയംതൊഴിലിന് ആവശ്യമായ വായ്പ – കെ ആര്‍ ബാലചന്ദ്രന്‍, തൊഴില്‍ നൈപുണ്യമുള്ള യുവാക്കളുടെ സ്വയംതൊഴില്‍ – സഞ്ജയ് വിജയകുമാര്‍, തൊഴില്‍ നൈപുണ്യരഹിതരായ യുവാക്കളുടെ സ്വയംതൊഴില്‍ – കെ ബി വത്സലകുമാരി, സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും അവലോകനം – ശ്യാം ശ്രീനിവാസന്‍, സ്വയംതൊഴിലിന് മെന്റര്‍ഷിപ്പ് – ജോണ്‍ കെ പോള്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Latest