Connect with us

Kannur

പള്ളിക്കുന്ന് ബേങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ക്രമക്കേടുകള്‍ കാരണമെന്ന് യു ഡി എഫ്

Published

|

Last Updated

കണ്ണൂര്‍: പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബേങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ഭരണസമിതിയുടെ ക്രമക്കേടുകള്‍ കാരണമാണെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഭരണസമിതി പിരിച്ചുവിടലിനെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെടുത്തുന്നത് ക്രമക്കേടിനെ സംരക്ഷിക്കുന്നതിനാണ്. നിരന്തരം സഹകരണ നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഭരണസമിതിയെ പിരിച്ചുവിടേണ്ടത് ബേങ്കിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ബേങ്ക് ഭരണത്തില്‍ കൈകടത്തുന്നതിനാണ് പി കെ രാഗേഷ് പ്രശ്‌നം ഗ്രൂപ്പുവത്ക്കരിക്കുന്നത്. കോണ്‍ഗ്രസിലോ യു ഡി എഫിലോ ബേങ്ക് പ്രശ്‌നം ഇത് വരെ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ കെ പി സി സി ജന. സെക്രട്ടറി പി രാമകൃഷ്ണന്‍ പ്രശ്‌നത്തെ ഗ്രൂപ്പ് വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ താത്പര്യം സംരക്ഷിക്കുന്നത് കൂടിയാണ്. നേതാക്കള്‍ പറഞ്ഞു.
പിരിച്ചുവിടപ്പെട്ട ഭരണസമിതി ഗുരുതരമായ നിയമലംഘനവും ക്രമക്കേടുകളുമാണ് നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. പരിശോധനക്കെത്തുന്ന സഹകരണ ഉദ്യാഗസ്ഥരെ തടയുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറി ആധികാരികമായി പുറപ്പെടുവിക്കേണ്ട രേഖകള്‍ പ്രസിഡന്റ് നേരിട്ട് പുറപ്പെടുവിക്കുകയാണ്. ബേങ്കില്‍ സുക്ഷിക്കേണ്ട രേഖകള്‍ പോലും പ്രസിഡന്റിന്റെ കൈവശം വെക്കുന്നു. ഭരണസമിതി തീരുമാനങ്ങള്‍ യഥാസമയം മിനുട്‌സില്‍ രേഖപ്പെടുത്താതെ പിന്നീട് എഴുതിച്ചേര്‍ക്കുകയാണ്. വായ്പ ലഭിക്കണമെങ്കില്‍ പി കെ രാഗേഷിനെ വീട്ടില്‍ ചെന്ന് കാണണമെന്നതാണ് സ്ഥിതി. ഉദ്യാഗസ്ഥ നിയമനത്തിലും വ്യാപകമായ ക്രമക്കേടാണ് ഈ കാലത്ത് നടത്തിയത്. അര്‍ഹരായവര്‍ക്ക് പ്രമോഷന്‍ നല്‍കാറില്ല. കോടിക്കണക്കിന് വില വരുന്ന സ്വര്‍ണപണ്ട പണയം കാലാവധി കഴിഞ്ഞും ലേലം ചെയ്യാതെ ബേങ്കിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്. അഴിമതിക്കാര്‍ക്കും അക്രമകാരികള്‍ക്കും വേണ്ടി നിലപാട് സ്വീകരിക്കുന്ന കെ പി സി സി ജന സെക്രട്ടറി പി രാമക്യഷ്ണന്‍, കെ പി നൂറുദ്ധീന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഡി സി സി ജന. സെക്രട്ടറി ടി ജയകൃഷ്ണന്‍, പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ രൂപേഷ്, പി ടി സഗുണന്‍, മുസ്‌ലിം ലീഗ് പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് വി കെ ഇബ്രാഹിം ഹാജി, കെ ഉമ്മര്‍, ശാദുലി പങ്കെടുത്തു.