Connect with us

Editorial

കടക്കെണിയിലും മലയാളി മുന്നില്‍

Published

|

Last Updated

രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യത മലയാളികള്‍ക്കാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് നടത്തിയ “ദേശീയ കടം, നിക്ഷേപ സര്‍വേ” റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കേരളീയ കുടുംബങ്ങളില്‍ പകുതിയോളം കടബാധ്യതയില്‍ അകപ്പെട്ടിരിക്കുന്നു. ഗ്രാമീണമേഖലയില്‍ മലയാളി കുടുംബത്തിന്റെ ശരാശരി കടം 1,47,402 രൂപയും നഗരമേഖലയില്‍ 1,74,320 രൂപയും വരും. ബേങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ള വായ്പാത്തുക കൂട്ടുമ്പോള്‍ യഥാക്രമം ഇത് 2,97,752 രൂപയും 3,71,277 രൂപയുമായി ഉയരുന്നു. നഗരങ്ങളില്‍ 46.95ഉം ഗ്രാമങ്ങളില്‍ 49.50ഉം ശതമാനം കുടുംബങ്ങള്‍ കടബാധ്യതയുള്ളവരാണെന്ന് 2012 ജൂണ്‍ 30 അടിസ്ഥാനമാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ആത്മഹത്യാ നിരക്കിലുള്ള വന്‍വര്‍ധനവിനും കടബാധ്യതയാണ് മുഖ്യകാരണമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പലിശ ഭീമന്മാരുടെയും ബ്ലേഡ് മാഫിയകളുടെയും ഭീഷണിയും അക്രമവും മൂലം ഒളിച്ചോടുന്നവരുടെ എണ്ണവും സംസ്ഥാനത്ത് കൂടിവരികയാണ്. പലിശച്ചുഴിയില്‍ അകപ്പെട്ട് വീട് നഷ്ടപ്പെടുന്നവരുടെയും മനോനില തകരുന്നവരുടെയും ചെക്ക് കേസുകളില്‍ പെട്ട് ജയിലുകളില്‍ അകപ്പെടുന്നവരുടെയും എണ്ണവും പെരുകുകയാണ്. ധൂര്‍ത്തും അത്യാഡംബര ജീവിതഭ്രമവുമാണ് മലയാളിയെ കടക്കെണിയില്‍ അകപ്പെടുത്തുന്നത്. ഉള്ളത് കൊണ്ട് ജീവിക്കാന്‍ മലയാളികള്‍ ശീലിച്ചിട്ടില്ല. സമ്പന്നന്‍ അത്യാഡംബര ജീവിതം നയിക്കുമ്പോള്‍ കടം വാങ്ങിയെങ്കിലും അതനുകരിക്കാനുള്ള അനാരോഗ്യകരമായ കിടമത്സര ബുദ്ധി സംസ്ഥാനത്തെ സാധാരണക്കാരെ പോലും പിടികൂടിയിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അവരുടെ വിവാഹച്ചടങ്ങുകളും വീട് നിര്‍മാണവും ചികിത്സാ രീതിയുമെല്ലാം നിരീക്ഷിച്ചാല്‍ മതി. ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദിയാണിന്ന് വിവാഹം. വിവാഹക്ഷണക്കത്ത് മുതല്‍ മംഗല്യവേദികളിലും ഭക്ഷണത്തിലും ഉടയാടകളിലുമെല്ലാം അതിരു കവിഞ്ഞ ധൂര്‍ത്ത് പ്രകടമാണ്. സമ്പന്നന്‍ ഏറ്റവും മികച്ചതും ചെലവേറിയതുമായ ആഡിറ്റോറിയവും തരാതരം ഭക്ഷണപദാര്‍ഥങ്ങളും ഒരുക്കി തങ്ങളുടെ പ്രൗഢി കാണിക്കുമ്പോള്‍, സാധാരണക്കാര്‍ കടം വാങ്ങിയെങ്കിലും ചടങ്ങ് ഗംഭീരമാക്കുന്നു. പണക്കാരന്‍ മകളെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ട് അടിമുടി പൊതിയുമ്പോള്‍ പാവപ്പെട്ടവനും പരമാവധി ആഭരണങ്ങള്‍ അണിയിക്കാന്‍ പാടുപെടുന്നു. നാടെങ്ങും കൂണു പോലെ വന്‍കിട തുണിക്കടകളും ജ്വല്ലറികളും ഉയര്‍ന്നു വരുന്നതിന്റെ രഹസ്യവും മലയാളിയുടെ ഈ ആഡംബര ഭ്രമവും ധൂര്‍ത്തുമാണ്.
കടം നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് യഥേഷ്ടം. കുറഞ്ഞ പലിശക്ക് എത്ര സംഖ്യയും വായ്പ നല്‍കാനുള്ള “വിശാല മനസ്‌കത” വിളിച്ചറിയിക്കുന്ന അവരുടെ പരസ്യബോര്‍ഡുകള്‍ സര്‍വത്ര. വട്ടിപ്പലിശക്കാരും ആവശ്യക്കാരെത്തേടി നഗരങ്ങളിലും കുഗ്രാമങ്ങളിലും ചുറ്റിക്കറങ്ങുന്നു. ഇവരുടെ കെണിയില്‍ അകപ്പെടുന്നവര്‍ ജീവിത കാലം മുഴുവന്‍ കടബാധ്യതയാല്‍ സമാധാനം നഷ്ടപ്പെട്ട് ജീവിക്കേണ്ടി വരുന്നു. സംസ്ഥാനത്തെ 18 ലക്ഷം കുടുംബങ്ങള്‍ സ്ത്രീധനം മൂലം കടക്കെണിയിലാണെന്നാണ് വനിതാ കമ്മീഷന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ലക്ഷക്കണക്കിന് വരും.
വീട് നിര്‍മാണമാണ് ധൂര്‍ത്തിന്റെ മറ്റൊരു വേദി. ഒന്നോ രണ്ടോ മക്കളുള്ള കുടുംബങ്ങള്‍ തന്നെ അനേകം റൂമുകളും നിലവില്‍ ലഭ്യമാകുന്ന എല്ലാവിധ അത്യന്താധുനിക സൗകര്യങ്ങളുമുള്ള ബഹുനില രമ്യഹര്‍മങ്ങളാണ് പണിതുയര്‍ത്തുന്നത്. പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രതീകങ്ങളാണ് ഇന്നത്തെ വീടുകള്‍. കൊള്ളപ്പലിശ ഈടാക്കുന്ന ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തു പണിയുന്ന ഈ ഭവനങ്ങളില്‍ അന്തിയുറങ്ങുന്നതാകട്ടെ കടബാധ്യതയാല്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ട ജീവിതങ്ങളും. പ്രവാസികളില്‍ പലരും തങ്ങളുടെ നീണ്ട കാലത്തെ അധ്വാനത്തിന്റെ ഫലം വീട് നിര്‍മാണത്തിനായി തുലയ്ക്കുകയാണ്. ഗള്‍ഫില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ പോലും കടം വാങ്ങിയെങ്കിലും കൂറ്റന്‍ വീടുകള്‍ നിര്‍മിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്.
ചികിത്സ, വിദ്യാഭ്യാസം, വസ്ത്രം തുടങ്ങിയ മേഖലകളിലും പ്രകടമാണ് ധൂര്‍ത്ത്. നിസ്സാര രോഗങ്ങള്‍ക്ക് പോലും നഗരത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടറെ കാണിച്ചെങ്കിലേ തൃപ്തി വരൂ. തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ പരിചയ സമ്പന്നനായ മികച്ച ഡോക്ടറുണ്ടെങ്കിലും അവിടെ പോകുന്നതില്‍ മാനക്കേട്. മക്കളെ പഠിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഫീസ് ഈടാക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തന്നെ വേണം. കിട്ടാവുന്നിടങ്ങളില്‍ നിന്നെല്ലാം കടം വാങ്ങി ജീവിതം അടിപൊളിയാക്കുക എന്നതാണിന്ന് മലയാളിയുടെ രീതി. ഇതിനിടെ വടക്കന്‍ കേരളത്തിലെ ദമ്പതികള്‍ ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താന്‍ രണ്ട് മക്കളെ വിറ്റ കഥ അടുത്തിടെയാണ് മാധ്യമങ്ങളില്‍ വന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിദേശികളുടെ ജോലി സാധ്യത കുറഞ്ഞു വരികയും, നമ്മുടെ സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സേവിക്കാനുള്ള വെമ്പലില്‍ സാധാരണക്കാരന്റെ മേല്‍ അടിക്കടി അധിക ബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മലയാളി ഈ ആര്‍ഭാടഭ്രമം വെടിഞ്ഞു ഉള്ളത് കൊണ്ട് ജീവിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. കടം വാങ്ങി മനസ്സമാധാനം തകര്‍ന്ന് നാളുകള്‍ തള്ളിനീക്കുന്നതിനേക്കാള്‍ സൗകര്യങ്ങള്‍ പരിമിതമെങ്കിലും സമാധാനത്തോടെയുള്ള ജീവിതമാണ് അഭികാമ്യമെന്ന തിരിച്ചറിവാണ് ഇന്നാവശ്യം.