Connect with us

International

എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെടുത്തു

Published

|

Last Updated

ജക്കാര്‍ത്ത : ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ഇന്തോനേഷ്യന്‍ മുങ്ങല്‍ വിദഗ്ധര്‍ കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ കണ്ടെടുത്തു. 162 പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ഇതില്‍നിന്നുള്ള വിവരങ്ങള്‍ സുപ്രധാനമാണ്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ പരിശോധനക്കായി കോക്പിറ്റ് വോയ്‌സ് റെക്കോഡറില്‍നിന്നും വീണ്ടെടുക്കാനാകും. അവസാനത്തെ രണ്ട് മണിക്കൂര്‍ സംഭാഷണങ്ങളാണ് ഇതില്‍ റെക്കോഡ് ചെയ്യപ്പെടുക. കടലിനടിത്തട്ടില്‍നിന്നും ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡര്‍ കണ്ടെടുത്തതിനു സമീപത്തുനിന്നാണ് വോയ്‌സ് റെക്കോഡറും കണ്ടെടുത്തത്. സുപ്രധാന വസ്തുക്കള്‍ക്കായി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചതായി വോയ്‌സ് റെക്കോഡര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശേഷം നാവിക സേന റിയര്‍ അഡ്മിറല്‍ വിദോദോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുരുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ സംഘം തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറില്‍നിന്നും കോക്പിറ്റ് വോയ്‌സ് റെക്കോഡറില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ലാബുകളിലേക്കയച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള ഡാറ്റകള്‍ സൂക്ഷ്മപരിശോധന നടത്താന്‍ മാസങ്ങളെടുക്കും. ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡര്‍ വിവര ശേഖരണത്തിന് സജ്ജമാണെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ ഡിസംബര്‍ 28നാണ് വിമാനം കടലില്‍ തകര്‍ന്നുവീണത്.