Connect with us

Kerala

പത്ത് വര്‍ഷത്തിനിടെ 17,629 നക്‌സല്‍ ആക്രമണ പരമ്പരകള്‍

Published

|

Last Updated

കൊച്ചി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 17,629 നക്‌സല്‍ ആക്രമണ പരമ്പരകള്‍ അരങ്ങേറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരാവകാശ രേഖ. 2004 മുതല്‍ 2104 വരെ നടന്ന നക്‌സല്‍ ആക്രമണങ്ങളില്‍ 1936 സുരക്ഷാ ഉദ്യോഗസ്ഥരും 4929 നിരപാധികളും 1644 നക്‌സലേറ്റുകളും കൊല്ലപ്പെട്ടു. 2004ല്‍ 1533 നക്‌സല്‍ ആക്രമണങ്ങളാണ് നടന്നത്. 2005ല്‍ 1608, 2006ല്‍ 1509, 2007ല്‍ 1565, 2008ല്‍ 1591 എന്നിങ്ങനെയായിരുന്നു ആക്രണണങ്ങള്‍.
2009ല്‍ ഇത് 2258 ആയി വര്‍ധിച്ചു. 2010ല്‍ 2213 നക്‌സല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2011ല്‍ 1760, 2012ല്‍ 1415, 1013ല്‍ 1136, 2014ല്‍ 1041 എന്നിങ്ങനെയായിരുന്നു ആക്രമണങ്ങളെന്ന് വിവരാവകാശ നിയമ പ്രകാരം അഡ്വ. ഡി ബി ബിനുവിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 2010ലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പട്ടത്. 720 പേര്‍. കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറവ് വന്നിട്ടുണ്ട്. 2013ല്‍ 169 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 214 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 19,326 നക്‌സലൈറ്റുകളെ അറസ്റ്റു ചെയ്തതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2010ലാണ് കൂടുതല്‍ അറസ്റ്റ് നടന്നത്. 2916 പേര്‍. കേരളത്തില്‍ ഇക്കാലയളവില്‍ 29 നക്‌സല്‍ ആക്രമണ സംഭവങ്ങളുണ്ടായി. ഇതില്‍ 53 നക്‌സലുകളെ അറസ്റ്റ് ചെയ്തു. നക്‌സലുകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതായി വ്യക്തമായ വിവരം ഇല്ലെന്നും ഫിലിപ്പെന്‍സിലും തുര്‍ക്കിയിലുമുള്ള മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നു.
ബെല്‍ജിയം ജര്‍മനി എന്നീ രാജ്യങ്ങളില്‍ നടന്ന സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ മാവോയിസ്റ്റ് സമ്മേളനത്തില്‍ ഇന്ത്യന്‍ മാവോയിസ്റ്റുകളുടെ പ്രതിനിധികളും പങ്കെടുത്തു. മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിച്ചതില്‍ ഇവര്‍ക്ക് വിദേശ സഹായം ലഭിച്ചുവരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവര്‍ക്ക് 2005ത്തിലും 2011ലും ഫിലിപ്പൈന്‍സില്‍ പരിശീലനം ലഭിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇടതു തീവ്രവാദം നേരിടാനൂുള്ള വിവിധ പദ്ധതികളുടെ ഭാഗമായി പത്ത് നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ 400 പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഒരു സ്റ്റേഷന് രണ്ടു കോടി രൂപ വീതം ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Latest