Connect with us

Kozhikode

മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കും: മുസ്‌ലിം ലീഗില്‍ ചരടുവലി മുറുകി

Published

|

Last Updated

കൊടുവള്ളി: യു ഡി എഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ സിന്ധുമോഹന്‍ ഫെബ്രുവരി ഒന്നിന് രാജിവെക്കും. മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ അടുത്ത പ്രസിഡന്റ് പദവിക്കായി മുസ്‌ലിം ലീഗില്‍ ചരടുവലി സജീവമായി. മൂട്ടാഞ്ചേരി സ്വദേശി ബുഷ്‌റ പൂളോട്ടുമ്മലിന്റെ പേരാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. വികസന കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ പി സി ആമിനാ മുഹമ്മദിനെ പ്രസിഡന്റാക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്.
ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ കേവലം ആറ് മാസം മാത്രമുള്ള ഈയവസരത്തില്‍ മുസ്‌ലിം ലീഗ് കൈവന്ന പ്രസിഡന്റ് പദവിയില്‍ കൊട്ടക്കാവയല്‍ ആരാമ്പ്രം വാര്‍ഡുകളിലെ വനിതാ മെമ്പര്‍മാരെ പരിഗണിക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. പ്രസിഡന്റ് പദവി വനിതക്ക് സംവരണം ചെയ്യപ്പെട്ട മടവൂരില്‍ 17 അംഗഭരണ സമിതിയില്‍ ഏഴ് മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെ യു ഡി എഫിന് 13 പേരുടെ പിന്തുണയുണ്ട്. പ്രസിഡന്റ് പദവിയില്‍ ആരെ അവരോധിക്കണമെന്നത് സംബന്ധിച്ച് അടുത്ത് നടക്കുന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
പ്രസിഡന്റ് പദവി കൈമാറ്റത്തോടെ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്ന മുസ്‌ലിം ലീഗിലെ ടി കെ അബൂബക്കര്‍ സ്ഥാനമൊഴിഞ്ഞ് യുനൈറ്റഡ് ജനതാദളിലെ ചോലക്കര മുഹമ്മദിന് പദവി കൈമാറും.