Connect with us

Kozhikode

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കലാമാമാങ്കത്തിന് സ്വാഗതമോതി ഗാനവും തയ്യാര്‍

Published

|

Last Updated

കോഴിക്കോട്: കലാ കൈരളിയുടെ തലസ്ഥാനം ആതിഥ്യമരുളുന്ന കലാമാമാങ്കത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഗാനം തയ്യാറായി. “”ശതകോടി തന്ത്രികള്‍ ശ്രുതിയിട്ടു പാടുന്നൊരറബിക്കടലിന്റെ നാട്ടില്‍… ഹൃദയങ്ങളെപ്പോഴും ഒരുമയുടെ സംഗീതമധുരം വിളമ്പുന്ന നാട്ടില്‍…”” എന്ന് തുടങ്ങുന്ന സ്വാഗതഗാനമാണ് കൗമാരോത്സവത്തെ വരവേറ്റുകൊണ്ട് ഉദ്ഘാടനവേദിയില്‍ ആലപിക്കുന്നത്.
കോഴിക്കോടിന്റെ മണ്ണിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്ന ഗാനത്തിനൊപ്പം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന- സമാപന വേദികളില്‍ മംഗള ഗാനവും ദൃശ്യാവിഷ്‌കാരങ്ങളും അരങ്ങേറും.
രമേശ് കാവില്‍ രചിച്ച 25 മിനിറ്റ് നീളുന്ന സ്വാഗത ഗാനത്തില്‍ കോഴിക്കോടിന്റെ കലാ, സാംസ്‌കാരിക, സാഹിത്യ പൈതൃകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നോബി ബെന്‍ഡക്‌സ് ആണ് സംഗീത സംവിധാനം. ജില്ലയിലെ 55 സംഗീതാധ്യാപകര്‍ ചേര്‍ന്നാണ് ആലപിക്കുന്നത്. മുന്നൂറോളം പേര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന് ഭരതാഞ്ജലി മധുസൂദനന്‍, കലാമണ്ഡലം സത്യവ്രതന്‍ എന്നിവര്‍ ചേര്‍ന്നാണ് ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്.
സമാപന സമ്മേളനത്തില്‍ ഏഴാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള 55 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മംഗളഗാനം അവതരിപ്പിക്കുക. മുന്‍കാല കലോത്സവങ്ങളില്‍ മികവ് തെളിയിച്ച ഗാന പ്രതിഭകളും കൂടെയുണ്ടാകും. “കോഴിക്കോടന്‍ കാറ്റു പറഞ്ഞു ശുഭയാത്ര… കോരിത്തരിച്ച കടലല നേര്‍ന്നു ശുഭയാത്ര… ചരിത്രം ഉപ്പു കുറുക്കിയ മണ്ണും മനസുതൊട്ടു പറഞ്ഞു ശുഭയാത്ര…” എന്നു തുടങ്ങുന്നതാണ് പത്തു മിനിറ്റുള്ള മംഗളഗാനം. രമേഷ് കാവില്‍ തന്നെയാണ് ഇതിന്റെയും രചയിതാവ്. പി സുനില്‍കുമാറാണ് സംഗീത സംവിധാനം. സ്വാഗത- മംഗള ഗാനാവതരണത്തിന്റെ റിഹേഴ്‌സല്‍ ഇന്നലെ സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. റിഹേഴ്‌സല്‍ ഉദ്ഘാടനം സാമൂഹിക നീതി മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിച്ചു. തുടക്കം നന്നായാല്‍ മാത്രമേ പരിപാടി ഗംഭീരമാകൂവെന്നിരിക്കെ സ്വാഗതഗാനത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്, വി എം ഉമ്മര്‍ എം എല്‍ എ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി എ ഹംസ, പി മൊയ്തീന്‍മാസ്റ്റര്‍, വി ഗോവിന്ദന്‍, കെ മോയിന്‍കുട്ടി, എന്‍ കെ അബൂബക്കര്‍ പങ്കെടുത്തു.