Connect with us

Kerala

മരുന്ന് പരീക്ഷണത്തിനായി പാത്ത് വീണ്ടും ഇന്ത്യയില്‍

Published

|

Last Updated

പാലക്കാട്: നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ മരുന്ന് പരീക്ഷണം നടത്തിയ അന്താരാഷ്ട്ര ഏജന്‍സി വീണ്ടും ഇന്ത്യയിലെത്താന്‍ കളമൊരുങ്ങുന്നു. 2010ല്‍ ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പ്രതിരോധത്തിന് മരുന്ന് പരീക്ഷണം നടത്തിയ പാത്ത് എന്ന ഏജന്‍സിയാണ് വീണ്ടും മരുന്ന് പരീക്ഷണവുമായി ഇന്ത്യയിലെത്താന്‍ നീക്കം നടത്തുന്നത്.
വയറിളക്ക രോഗത്തിനുള്ള റോട്ടാവാക്‌സിന്‍ മരുന്ന് പരീക്ഷണത്തിന് ഇന്ത്യയില്‍ കമ്പനിക്ക് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് വിവരം. ഇന്ത്യയില്‍ പാത്തിന് സഹായം ലഭിക്കുമെന്ന കാര്യം അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് മാസികയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ മരുന്ന് പരീക്ഷണത്തിന് ഇന്ത്യന്‍ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയുടെ അനുമതി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
പാത്തിനെതിരെ ദേശീയ അന്തര്‍ദേശീയ നിയമങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്ന് പാര്‍ലിമെന്ററി സമിതിയുടെ ശിപാര്‍ശയുണ്ടായിരുന്നു. ഗുജറാത്തിലെ വഡോദര, ആന്ധ്രാപ്രദേശിലെ ഖമ്മം എന്നിവിടങ്ങളിലെ കുട്ടികളാണ് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ രോഗത്തിനുള്ള പാത്തിന്റെ പ്രതിരോധമരുന്ന് പരീക്ഷണത്തിന് ഇരകളായത്. 2010 മാര്‍ച്ചിലായിരുന്നു ഈ മരുന്ന് പരീക്ഷണം.
നിരവധി കുട്ടികളുടെ മരണത്തെ തുടര്‍ന്ന് നിരവധി സംഘടനകള്‍ ദേശീയ അന്തര്‍ദേശീയ നിയമങ്ങളനുസരിച്ച് പാത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ലിമെന്റ് സമിതി ചെയ്തിരുന്നു. ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പ്രതിരോധമരുന്ന് പരീക്ഷണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ പോലും ഇവര്‍ നടത്തിയതായി പാര്‍ലിമെന്ററി സമിതി കണ്ടെത്തിയിരുന്നു. മുതിര്‍ന്നവരില്‍ നടത്തിയ ശേഷമേ കുട്ടികളില്‍ മരുന്ന് പരീക്ഷണം നടത്താവൂ എന്ന അന്താരാഷ്ട്ര ഉടമ്പടികള്‍ പോലും പാത്ത് ലംഘിച്ചിട്ടുണ്ട്.
ഗുരുതരമായ ആരോപണങ്ങളുള്ള റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് വയറിളക്കരോഗത്തിന്റെ പരീക്ഷണത്തിന് പാത്ത് ഇന്ത്യയില്‍ സഹായം നല്‍കുന്നത്. റൂബല്ല, പെന്റാവാലന്റ് തുടങ്ങിയ വാക്‌സിനുകകളിലും ഇത്തരം ഏജന്‍സികളുടെ ഇടപെടലുള്‍ ഉണ്ടായിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ പരമോന്നത ജനാധിപത്യസഭയെ പോലും വെല്ലുവിളിച്ച് പാത്ത് ഇവിടെ മരുന്ന് പരീക്ഷണത്തിന് സഹായം നല്‍കുന്നത്.