Connect with us

Kerala

നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും സ്വര്‍ണ വേട്ട

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് സംഭവങ്ങളിലായി 55.50 ലക്ഷം രൂപയോളം വിലവരുന്ന രണ്ട് കിലോ മുന്നൂറ്റിഎണ്‍പത്തിനാല് ഗ്രാം സ്വര്‍ണം പിടികൂടി. തിരുവനന്തപുരം വളപ്പില്‍ശാല സ്വദേശി പ്രസന്നകുമാരി (45)യുടെ മലദ്വാരത്തില്‍ നിന്ന് 34 ലക്ഷത്തോളം വിലവരുന്ന 1.268 ഗ്രാം സ്വര്‍ണവും കോഴിക്കോട് സ്വദേശി മുനീറി(46)ന്റെ കൈവശമുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളില്‍നിന്ന് 31.50 ലക്ഷം വിലവരുന്ന 1.116 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രസന്നകുമാരി മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിസ്ട്രിക് റവന്യൂ ഇന്റലിജിന്‍സ് വിഭാഗം വിമാനത്താവളത്തില്‍ എത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ത്രീകള്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്ന രീതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായാണ് പിടികൂടുന്നത്.
ദുബൈയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കോഴിക്കോട് സ്വദേശി മുനീര്‍ സ്വര്‍ണ ബിസ്‌കറ്റ് കഷ്ണങ്ങളാക്കി ഇലക്ട്രിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജിന്റ്‌സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
കൊണ്ടോട്ടി: കരിപ്പൂരില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 16 ലക്ഷം രൂപവിലമതിക്കുന്ന 583 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. പാലക്കാട് കുമരനല്ലൂര്‍ വക്കുളങ്ങര ശമീറില്‍ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്ന അഞ്ച് കത്തികളുടെ പിടികള്‍ക്കുള്ളില്‍ 86 കഷ്ണങ്ങളായാണ് സ്വര്‍ണം കടത്തിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഇന്നലെ വൈകീട്ടാണ് ഇയാള്‍ എത്തിയത്.

Latest