സി കെ നായുഡു ട്രോഫി: കേരളത്തിന് കൂറ്റന്‍ ലീഡ്

Posted on: December 31, 2014 12:02 am | Last updated: December 31, 2014 at 12:39 am

പെരിന്തല്‍മണ്ണ: അണ്ടര്‍ 23 കേണല്‍ സി കെ നായുഡു ട്രോഫി ചതുര്‍ദിന മത്സരത്തില്‍ കേരള ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്റെ ഗംഭീര സെഞ്ച്വറിയുടെ (181) പിന്‍ ബലത്തില്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 92.1 ഓവറില്‍ 330 റണ്‍സ് നേടുകയും സൗരാഷ്ട്രക്കെതിരെ 166 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കുകയും ചെയ്തു.
കേരളാ ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ അക്ഷയ് കോടോത്ത് (53), സല്‍മാന്‍ നിസാര്‍ (23) എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍. സൌരാഷ്ട്രക്ക് വേണ്ടി ദിനേഷ് നക്രാണി, പ്രേരക് മകാന്ദ്, വന്ദിദ് ജിവറാണി എന്നിവര്‍ 3 വിക്കറ്റ് വീതം നേടി. 166 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ സൌരാഷ്ട്ര രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ച്ച നേരിടുകയാണ്. 21 ഓവര്‍ ബാറ്റ് ചെയ്ത സൌരാഷ്ട്ര 5 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് നേടിയത്. കേരളത്തിന് വേണ്ടി അഹമ്മദ് ഫര്‍സീന്‍ 3 വിക്കറ്റും, നിതീഷ് എം ഡി, അക്ഷറ്റ് ചന്ദ്രന്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടിയിട്ടുണ്ട്.