മദ്യനയം: കെ സി ബി സിയുടെ നിലപാട് മാറ്റം സംശയകരമെന്ന് ബിഷപ് തോമസ് കെ ഉമ്മന്‍

Posted on: December 31, 2014 12:36 am | Last updated: December 30, 2014 at 11:36 pm

കോട്ടയം: മദ്യനയത്തില്‍ കെ സി ബി സി തുടരുന്ന മൗനത്തില്‍ തനിക്ക് സംശയമുണ്ടെന്ന് സി എസ് ഐ സഭ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍. മദ്യനയത്തില്‍ തീവ്രഭാഷയില്‍ സംസാരിച്ചവര്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.
കെ സി ബി സി നിലപാട് മാറ്റിയെന്ന് പറഞ്ഞിട്ടില്ലെങ്കിലും അവര്‍ തുടരുന്ന മൗനം മറ്റുള്ളവരെ പോലെ തനിക്കും ആശങ്കയുണ്ടാക്കുന്നു. കേരള മദ്യനിരോധന സമിതി കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ സുധീരനൊപ്പം നിന്നവര്‍ പിന്‍മാറിയത്് അദ്ദേഹത്തോട ്കാട്ടിയ വഞ്ചനയാണ്. ആത്മീയ കാര്യങ്ങള്‍ നിശ്ചയിക്കാന്‍ മദ്യലോബി സ്വാധീനം ചെലുത്തുന്നതായും ഇതിനൊപ്പം മതശ്രേഷ്ഠര്‍ നില്‍ക്കുന്നത് ദു:ഖകരമാണെന്നും മദ്യവിരുദ്ധ സമിതിയുടെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ്പ് പറഞ്ഞു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ സ്ഥിരീകരിക്കുന്ന തരത്തിലാണ് പൂട്ടിയ ബാറുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. മദ്യവിഷയത്തില്‍ യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും നിലപാടുകളില്‍ വ്യത്യാസമില്ല. ആരും മദ്യലോബിയെ എതിര്‍ക്കുന്നില്ല. മദ്യത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ തെളിയുന്നത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വിജയമാണ്.
തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിവേകപൂര്‍വം ഉപയോഗിക്കാന്‍ കഴിയുന്ന സമൂഹം ഇവിടെയുണ്ടെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.