Connect with us

International

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പൂര്‍ണ പൗരത്വം നല്‍കണമെന്ന് യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യന്‍ വംശജര്‍ക്ക് പൂര്‍ണ പൗരത്വം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭ മ്യാന്‍മര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം യു എന്‍ പൊതുസഭ അംഗീകരിക്കുകയും ചെയ്തു. രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഇവര്‍ക്ക് നല്‍കണമെന്നും പ്രമേയത്തില്‍ യു എന്‍ ആവശ്യപ്പെടുന്നു.
റോഹിംഗ്യന്‍ മുസ്‌ലിംകളോട് മ്യാന്‍മര്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടുകളില്‍ യു എന്‍ ജനറല്‍ അസംബ്ലി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മ്യാന്‍മറിലെ ന്യൂനപക്ഷ സമുദായങ്ങളോട് അവിടുത്തെ സര്‍ക്കാര്‍ പുലര്‍ത്തുന്ന തെറ്റായ സമീപനത്തില്‍ നിന്ന് ആ രാജ്യം പിന്‍മാറണമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ആവശ്യം. ഇതിന് പുറമെ, റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ മേഖലകളിലേക്ക് തിരിച്ചുവരാനുള്ള അവകാശം മ്യാന്‍മര്‍ അനുവദിച്ചു നല്‍കുക, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ മറ്റുള്ളവരെ പോലെ ഇവര്‍ക്കും തുല്യ അവകാശം നല്‍കുക, ഇവര്‍ക്ക് റോഹിംഗ്യന്‍ എന്ന വിളിപ്പേര് അംഗീകരിക്കുക, ഇവര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സി രൂപവത്കരിക്കുക എന്നീ ആവശ്യങ്ങളും യു എന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവില്‍ പതിമൂന്ന് ലക്ഷത്തിലധികം വരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ മ്യാന്‍മര്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇവര്‍ക്ക് പൂര്‍ണ അര്‍ഥത്തിലുള്ള പൗരത്വം അനുവദിച്ചു നല്‍കില്ലെന്ന് മ്യാന്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെന്ന നിലയില്‍ ബംഗാളികള്‍ എന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ ബുദ്ധ ഭീകരവാദികള്‍ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ നേരെ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അന്ന് 280ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതിന് പുറമെ 2012മുതല്‍ 1,40,000ത്തിലധികം റോഹിംഗ്യന്‍ വംശജര്‍ വീടില്ലാത്തവരായി മാറി. ഇവര്‍ ഇപ്പോള്‍ റഖിനയില്‍ ഒറ്റപ്പെട്ട സ്ഥിതിയാണുള്ളത്. മ്യാന്‍മര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് നേരെയും കടുത്ത നടപടികളാണ് കൈകൊള്ളുന്നത്. ഇവരുടെ ആരാധനാ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തക ആംഗ് സാന്‍ സൂകി കടുത്ത വിമര്‍ശം നേരിടുകയും ചെയ്തിരുന്നു.

Latest