Connect with us

Kerala

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന; ആരോഗ്യ വകുപ്പിന്റെ സ്ഥലംമാറ്റ നാടകം

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ആരോഗ്യ വകുപ്പില്‍ സ്ഥലംമാറ്റ നാടകം. ഇടുക്കിയിലെ പുതിയ മെഡിക്കല്‍ കോളജില്‍ ഇന്നലെ തുടങ്ങിയ പരിശോധന മറികടക്കാനാണ് അമ്പത് ഡോക്ടര്‍മാരെ മൂന്ന് ദിവസത്തേക്ക് അവിടേക്ക് സ്ഥലം മാറ്റിയത്. പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിച്ചപ്പോള്‍ ആവശ്യമായ തസ്തിക സൃഷ്ടിക്കാതെ മെഡിക്കല്‍ കൗണ്‍സിലിന്റെ കണ്ണില്‍പൊടിയിട്ട് അംഗീകാരം നേടിയെടുക്കാനാണ് ഈ സ്ഥലംമാറ്റ നാടകം. ഡോക്ടര്‍മാരുടെ സംഘടനയുമായി ധാരണയുണ്ടാക്കിയതിനാല്‍ അവരും എതിര്‍പ്പുയര്‍ത്തിയില്ല. പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പതിനേഴ് പേരും കോഴിക്കോട് നിന്ന് എട്ട് പേരും തൃശൂരില്‍ നിന്ന് പത്ത് പേരും ഉള്‍പ്പെടെ അമ്പത് പേരെയാണ് മൂന്ന് ദിവസത്തേക്ക് ഇടുക്കിയിലേക്ക് മാറ്റിയത്. ശനിയാഴ്ച ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ആരോഗ്യ വകുപ്പിന്റെ വാഹനത്തില്‍ തന്നെ ഡോക്ടര്‍മാരെല്ലാം ഇടുക്കിയിലെത്തി. എം സി ഐ പരിശോധന ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഡോക്ടര്‍മാരെല്ലാം മലയിറങ്ങും.
ഹൗസ് സര്‍ജന്‍മാരായി പ്രവര്‍ത്തിക്കുന്ന റസിഡന്റ് ഡോക്ടര്‍മാരെ നേരത്തെ തന്നെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നു. 168 ഡോക്ടര്‍മാരാണ് ഇടുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കാന്‍ വേണ്ടത്. എന്നാല്‍ 19 തസ്തികകള്‍ മാത്രമാണ് ഇതുവരെ സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചത് 17 പേര്‍ മാത്രം.
കൃത്യമായി പരിശോധന നടന്നാല്‍ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പുള്ള സര്‍ക്കാര്‍ സ്ഥലംമാറ്റം നടത്തി മെഡിക്കല്‍ കോളജിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ അമ്പത് തസ്തികകള്‍ സൃഷ്ടിക്കാന്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനം എടുക്കുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് സഹകരിച്ചതെന്നാണ് കെ ജി എം സി ടി എയുടെ വിശദീകരണം.
ധനകാര്യ വകുപ്പില്‍ നിന്നുള്ള എതിര്‍പ്പാണ് തസ്തിക സൃഷ്ടിക്കുന്നതിന് തടസ്സം. അതേസമയം, പ്രമോഷന്‍ ലഭിച്ചാല്‍ ഇടുക്കിയില്‍ സേവനം ചെയ്യേണ്ടവരെ തന്നെയാണ് ഇപ്പോള്‍ അങ്ങോട്ട് മാറ്റിയിരിക്കുന്നതെന്നാണ് ഡി എം ഇയുടെ വിശദീകരണം.