കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമീപിക്കണം: എം ബി രാജേഷ്

Posted on: December 30, 2014 12:55 am | Last updated: December 29, 2014 at 10:56 pm

പാലക്കാട്: പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനി വരുത്തിയ നാശനഷ്ടത്തിന് നഷ്ടപരിഹാരം ഈടാക്കാന്‍ പാസ്സാക്കിയ നിയമം കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് എം ബി രാജേഷ് എം പി പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിയമനിര്‍മാണ സഭ ഏകപക്ഷീയമായി പാസ്സാക്കിയ ബില്‍ തിരിച്ചയച്ചത് ഗൗരവമായി കാണണം. സംസ്ഥാന സര്‍ക്കാറിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 2010ല്‍ ഇടത് മുന്നണി സര്‍ക്കാര്‍ പാസ്സാക്കിയ ബില്‍ ഇത് മൂന്നാം തവണയാണ് മടക്കി അയക്കുന്നത്.
യു പി എ സര്‍ക്കാറിന്റെ ഭരണകാലത്ത് ബില്‍ മടക്കി അയച്ചപ്പോള്‍ ബി ജെ പി നിശിതമായി വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ അധികാരത്തില്‍ കയറി ആറുമാസത്തിനുള്ളില്‍ ബില്‍ മടക്കി അയച്ചതോടെ യു പി എ സര്‍ക്കാറിനെ പോലെ തന്നെ ബി ജെ പിയും കൊക്കോകോള കമ്പനിയുടെ താത്പര്യം സംരക്ഷിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് ഗ്രീന്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബില്‍ കേന്ദ്രം മടക്കി അയച്ചതോടെ നഷ്ടപരിഹാരം തുക കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി.
നിരവധി കേസുകളാണ് ഗ്രീന്‍ ട്രൈബ്യൂണലില്‍ കെട്ടി കിടക്കുന്നതെന്നും ഇതായിരിക്കും പ്ലാച്ചിമട ബില്ലിനും ഗതിയുണ്ടാകുക. പ്ലാച്ചിമട ട്രൈബ്യൂണല്‍ മടക്കി അയച്ചതിനെതിരെ ഡി വൈ എഫ് ഐ സമാനചിന്താഗതിക്കാരായ സംഘടനകളും ചേര്‍ന്ന് നിയമപരമായുംനയപരമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.