ഇത്തിഹാദ് റോഡില്‍ നടപ്പാലത്തിന് ആവശ്യമേറുന്നു

Posted on: December 29, 2014 7:45 pm | Last updated: December 29, 2014 at 7:45 pm

അജ്മാന്‍;ഷാര്‍ജ-അജ്മാന്‍ ഭാഗത്തെ ഇത്തിഹാദ് റോഡില്‍ നടപ്പാലത്തിന് ആവശ്യമേറുന്നു. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ ബാഹുല്യം വര്‍ധിച്ചതും വഴിയാത്രക്കാരെ വാഹനമിടിക്കുന്നതുമാണ് നടപ്പാലത്തിന് ആവശ്യമേറുവാന്‍ കാരണം.

ഇവിടെ കാല്‍നടയാത്ര ദുരിത പൂര്‍ണമാണ്. റോഡിന്റെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് പോകണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. ഇതിന് തുനിയാതെ പലരും റോഡ്മുറിച്ചാണ് മറുവശത്തേക്ക് പോകുന്നത്. അല്‍ ഇത്തിഹാദ് റോഡിലാണ് ഏറ്റവും കൂടുതല്‍ അപകടം. റോഡിന്റെ മറുവശത്തേക്കുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് പോകുന്നവരാണ് അപകടത്തില്‍പെടുന്നവരിലേറെയും. ഇവിടങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്നതിന് നടപ്പാലമോ റോഡില്‍ സീബ്രാ ലൈനോ നിലവിലില്ല.
കഴിഞ്ഞ നവംബറില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൂന്ന് യാത്രക്കാര്‍ക്ക് കാറിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു.
2013 വര്‍ഷത്തിലെ ആദ്യ ഏഴുമാസത്തില്‍ ഇത്തിഹാദ് റോഡില്‍ 54 ഓളം അപകടങ്ങള്‍ നടന്നതായി അജ്മാന്‍ ട്രാഫിക് വിഭാഗം അറിയിച്ചു.
റോഡ് മുറിച്ചു കടക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിന് നിരവധി ബോധവത്കരണ പരിപാടികളാണ് അജ്മാന്‍ ട്രാഫിക് വിഭാഗം സംഘടിപ്പിച്ചുവരുന്നതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ശുഹൈബ് കജൂര്‍ വ്യക്തമാക്കി. റോഡ് മുറിച്ച് കടക്കുന്നത് ട്രാഫിക് വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ 200 ദിര്‍ഹമാണ് പിഴ ലഭിക്കുക. പലരും എളുപ്പത്തില്‍ മറുകര എത്തുന്നതിനാണ് മുറിച്ചു കടക്കുന്നത്. എന്നാല്‍ വാഹനങ്ങളെ അവര്‍ ശ്രദ്ധിക്കാറില്ല. പല അപകടങ്ങളും ശ്രദ്ധക്കുറവ് കൊണ്ടാണ് സംഭവിക്കുന്നത് അദ്ദേഹം പറഞ്ഞു.
അജ്മാനില്‍ റോഡുകള്‍ നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗതയും വര്‍ധിച്ചിട്ടുണ്ട്. ഇത് കൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നത് തൊഴിലാളികളാണ്. റോഡിന്റെ മറുവശത്ത് ബസ് നിര്‍ത്തിയാണ് തൊഴിലാളികളെ കയറ്റുന്നതും ഇറക്കുന്നതും. ഇവര്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടത്തില്‍പെടുന്നത്.