ചുരം സൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം അടുത്ത മാര്‍ച്ചില്‍

Posted on: December 29, 2014 11:14 am | Last updated: December 29, 2014 at 11:14 am

താമരശ്ശേരി: ചുരം സൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം പ്രവര്‍ത്തികള്‍ അടുത്ത മാര്‍ച്ചോടെ ആരംഭിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍. താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റ് സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരത്തില്‍ കഫ്റ്റീരിയയും ടോയ്‌ലറ്റും ഉള്‍ക്കൊള്ളുന്ന കേന്ദ്രം നിര്‍മിക്കാന്‍ 25 ലക്ഷം രൂപ അനുവദിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തി ജനുവരിയില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. ചുരം നാലാം വളവിന് സമീപം ടി വി അവറാച്ചന്‍ ടൂറിസം വകുപ്പിന് സൗജന്യമായി നല്‍കുന്ന സ്ഥലത്തിന്റെ രേഖകള്‍ അദ്ദേഹം മന്ത്രിക്ക് കൈമാറി. എം ഐ ഷാനവാസ് എം പി മുഖ്യ പ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കാരാട്ട് റസാഖ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലി, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ഹുസ്സയിന്‍കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫീറ ജബ്ബാര്‍, ബ്ലോക്കംഗങ്ങളായ സുബൈദ നജീബ്, ഇ കെ വിജയന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ സംബന്ധിച്ചു. പി ഡബ്ലു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എ എം ഇഖ്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിശക്കുട്ടി സുല്‍ത്താന്‍ സ്വാഗതവും പി ജി രാജീവ് നന്ദിയും പറഞ്ഞു.